അന്താരാഷ്ട്ര യോ​ഗ ദിനം: ജമ്മു കശ്മീർ സന്ദർശിക്കാൻ പ്രധാനമന്ത്രി; 1500 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 20, 21 തീയതികളിൽ ജമ്മു കശ്മീർ സന്ദർശിക്കും. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ അനുബന്ധിച്ചാണ് മോദിയുടെ സന്ദർശനം. 1500 കോടിയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്നാംതവണയും പ്രധാമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി ജമ്മുകശ്മീര്‍ സന്ദർശിക്കുന്നത്.

അന്താരാഷ്ട്ര യോഗദിനമായ ഇരുപത്തിയൊന്നാം തീയ്യതി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിലെ യോഗയ്ക്ക് നേതൃത്വം നല്‍കും. ജൂൺ 21ന് രാവിലെ 6.30ന് ശ്രീനഗറിലെ എസ്‌കെഐസിസിയിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യുകയും അതിനുശേഷം സിവൈപി യോഗ സെഷനിൽ പങ്കെടുക്കുകയും ചെയ്യും.

ജൂൺ 20-ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ നടക്കുന്ന ‘യുവാക്കളെ ശാക്തീകരിക്കുക, ജെ&കെയെ മാറ്റുക’ എന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജമ്മു കശ്മീരിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കൃഷിയിലും അനുബന്ധ മേഖലകളിലും മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിയും പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും. അതേസമയം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മുകശ്മീരിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

https://youtu.be/xFXLqHM6DOs?si=-qqfwNCkFKwFScvv