ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചരണം നയിക്കാന്‍ രാഹുല്‍ ഗാന്ധി

മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍ ഇത്തവണ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം സഖ്യം ചേര്‍ന്നാണ് മത്സരിക്കുക. രാഹുല്‍ ഗാന്ധി ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും.

രാഹുല്‍ ഗാന്ധി ജമ്മുവിലെ ബനിഹാലിലെയും കശ്മീരിലെ ദൂരുവിലെയും റാലികളിലാണ് പങ്കെടുക്കുക. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന് മൂന്ന് ഘട്ടങ്ങളായി തന്നെ പ്രചരണം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

റാലിയില്‍ നിന്ന് തുടങ്ങി റോഡ് ഷോയില്‍ അവസാനിക്കുന്ന രീതിയിലാണ് പ്രചരണം തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് 32 സീറ്റുകളിലാണ് മത്സരിക്കുക. സഖ്യ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റുകളിലും മത്സരിക്കും. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളിലാണ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ്.