ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ ജിയോയുടെ പുതിയ ഓഫര്‍; 30 മിനിറ്റ് സൗജന്യ ടോക് ടൈം

കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കിടയിലുളള പ്രതിഷേധം തണുപ്പിക്കാന്‍ പുതിയ പ്ലാനുമായി റിലയന്‍സ് ജിയോ. 30 മിനിറ്റ് സൗജന്യ ടോക് ടൈം അനുവദിക്കാനാണ് ജിയോ പദ്ധതിയിടുന്നത്.

പുതിയ പ്ലാന്‍ പ്രഖ്യാപിച്ച ശേഷം ആദ്യം റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഈ ഓഫര്‍ ലഭ്യമാക്കാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആദ്യ ഏഴു ദിവസം വരെയാണ് ഇതിന്റെ കാലാവധി.

മറ്റു ടെലികോം കമ്പനികളുടെ നെറ്റ്വര്‍ക്കുളള ഫോണുകളിലേക്ക് വിളിക്കുമ്പോള്‍ മിനിറ്റിന് ആറുപൈസയുടെ ചെലവുണ്ടെന്നാണ് റിലയന്‍സ് ജിയോ അവകാശപ്പെടുന്നത്. ഈ നഷ്ടം നികത്തുന്നതിന് മറ്റു ടെലികോം കമ്പനികളുടെ ഫോണുകളിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കാനാണ് ജിയോ നീക്കം ആരംഭിച്ചിരുന്നത്. അതിനിടെയാണ് ഉപഭോക്താക്കളുടെ പ്രതിഷേധം ശക്തമായത്. ഇത് ഉപഭോക്താക്കളെ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ ഓഫര്‍ അവതരിപ്പിക്കാന്‍ ജിയോ നീക്കം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.