ജെ.എൻ.യു സംഘർഷത്തിൽ മുഖംമൂടി അണിഞ്ഞ യുവതി കോമൾ ശർമ്മ തന്നെ; ഡൽഹി പൊലീസ് നോട്ടീസ് അയച്ചുവെന്ന് റിപ്പോർട്ട്

ജെഎൻയുവിൽ  മുഖംമൂടി അണിഞ്ഞെത്തി വിദ്യാർത്ഥികളെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്ന  യുവതി എബിവിപി പ്രവർത്തക കോമൾ ശർമ്മ തന്നെയെന്ന് ഡൽഹി പൊലീസ്. കോമൾ ശർമ്മ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ദൃശ്യങ്ങളിലുള്ള പെൺകുട്ടി ‌ഞാനല്ലെന്നും മനഃപൂർവ്വം  കുരുക്കാന്‍ ശ്രമം നടക്കുകയാണെന്നും കാട്ടി കോമൾ ശർമ്മ ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ദി വയർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അക്രമവുമായി ബന്ധപ്പെട്ട് കോമൾ ശർമ്മക്കൊപ്പം അക്ഷത് അവസ്തി, രോഹിത് ഷാ എന്നീ രണ്ട് എബിവിപി പ്രവർത്തകർക്കു കൂടി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണെന്നും അവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ലെന്നുമാണ് ഡൽഹി പൊലീസ് പറയുന്നത്.

അക്ഷത് അവസ്തിയും രോഹിത് ഷായും ഇന്ത്യ ടുഡേ ഒളി ക്യാമറ ഓപ്പറേഷനിൽ കുടുങ്ങി തങ്ങൾ എബിവിപി പ്രവർത്തകരാണെന്നും അക്രമത്തിൽ പങ്കെടുത്തിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള മുഖം മറച്ച യുവതി താനല്ലെന്നും ഇത് മനഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കോമൾ വനിതാ കമ്മീഷനോട് പരാതിപ്പെട്ടു. വ്യാജ പ്രചാരണത്തിനു പിന്നിൽ അക്രമിയെന്ന് മുദ്ര കുത്താനുള്ള ശ്രമമാണെന്നും സംഭവം തന്നെ മാനസികമായി തകർത്തെന്നും കോമൾ പരാതിയിൽ സൂചിപ്പിച്ചു.

ദൗലത്ത് റാം കോളജിലെ ബിരുദ വിദ്യാർത്ഥിനിയാണ് കോമൾ ശർമ്മ. വാർത്ത പുറത്ത് വന്ന ശേഷം കോമൾ ശർമ്മയുടെ ഫോൺ സ്വിച്ചോഫ് ആകുകയായിരുന്നു. ഇപ്പോഴാണ് വിഷയത്തിൽ വിദ്യാർത്ഥിനിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടാവുന്നത്. ജനുവരി അഞ്ചിന് ജെഎന്‍യു കാമ്പസിലുണ്ടായ ആക്രമണത്തിന്‍റെ വൈറലായ ദൃശ്യങ്ങളില്‍ ചെക്ക് ഷര്‍ട്ട് ധരിച്ച് ഇളം നീല നിറത്തിലുള്ള സ്കാര്‍ഫു കൊണ്ട് മുഖം മറച്ച് വടികളുമായി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ആക്രമിച്ച പെണ്‍കുട്ടി ഡൽഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി കോമൾ ശർമ്മയാണെന്ന് സ്ഥിരീകരിച്ചത് ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു. കോമള്‍ ശര്‍മ്മയാണ് വൈറല്‍ ചിത്രങ്ങളിലുള്ള പെണ്‍കുട്ടിയെന്ന് ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് ഓപ്പറേഷൻ റിപ്പോർട്ടും ഇതിനിടെ പുറത്ത് വന്നിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിദ്യാര്‍ത്ഥിനിക്ക് നിര്‍ദേശം നല്‍കിയെന്ന് പ്രത്യേക അന്വേഷണ സംഘം അന്ന് അറിയിച്ചിരുന്നു. കോമള്‍ ശര്‍മ്മയാണ് വൈറല്‍ ചിത്രങ്ങളിലുള്ള പെണ്‍കുട്ടിയെന്ന് ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ മുഖം വെളിപ്പെടുത്തരുതെന്ന് കോമള്‍ ശര്‍മ്മയുടേതെന്ന പേരിലുള്ള ഓഡിയോ ക്ലിപ്പുകളും പുറത്തു വന്നിരുന്നു. കോമളിന്‍റെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഈ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. ഡൽഹി പൊലീസ് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട അക്ഷത് അവസ്തിയും അക്രമണത്തില്‍ കോമളിന്‍റെ പങ്ക് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ടുഡേ നടത്തിയ സ്റ്റിംഗ് അന്വേഷണത്തിലായിരുന്നു അക്ഷത് അവസ്തിയുടെ വെളിപ്പെടുത്തല്‍ .