ഗുരുഗ്രാമിൽ ഹിന്ദുത്വവാദികൾ വെള്ളിയാഴ്ച നമസ്‌കാരം തടസപ്പെടുത്തിയ അതേ ദിവസം തന്നെ ഡൽഹിയിൽ തനിക്ക് ഉണ്ടായ ഹൃദയസ്പർശിയായ ഒരു അനുഭവം പങ്കുവച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ സിയാഉസ്സലാം. കേടായ ഖുർആൻ പ്രതി ബൈൻഡ് ചെയ്യിക്കാനായി ഒരു കടയിലെത്തിയപ്പോഴായിരുന്നു അനുഭവം.
സിയാഉസ്സലാമിന്റെ വാക്കുകൾ:
ഗുരുഗ്രാമിൽ വെള്ളിയാഴ്ച നമസ്‌കാരം വീണ്ടും തടസ്സപ്പെട്ട അതേദിവസം, ന്യൂഡൽഹിയിലെ എന്റെ ഓഫീസിന് സമീപം എനിക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമുണ്ടായി. താളുകൾ അടർന്ന്, പുറംചട്ട കേടായ ഖുർആന്റെ ഒരു പകർപ്പുമായി ഞാൻ ഒരു ബൈൻഡറുടെ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ വലതുഭാഗത്തുള്ള കലണ്ടറിൽ ഗണപതിയുടെ ചിത്രമാണുള്ളത്, തൊട്ടരികിലുള്ള മേശപ്പുറത്ത് ഒരു കുഞ്ഞ് ഹനുമാൻ വിഗ്രഹവുമുണ്ട്.
‘ഭയ്യാ… ഈ ഖുർആനൊന്ന് ബൈൻഡ് ചെയ്തുതരണം,’ ഞാൻ പറഞ്ഞു. ഉടൻതന്നെ കൈ പാന്റ്‌സിൽ തുടച്ച് വൃത്തിയാക്കിയ കടക്കാരൻ അവിടെ ബൈൻഡിങ്ങിനായി വച്ചിരുന്ന പുസ്തകങ്ങൾക്കുമുകളിൽ ഒരു തുണി വിരിച്ചു. എന്നിട്ട് ആദരവോടെ ഖുർആൻ തുറന്ന് ഒരു ചെറുസംസ്‌കൃത ശ്ലോകവും ചൊല്ലി.
‘ശരിയാക്കിവയ്ക്കാം. ഞായറാഴ്ച വന്നോളൂ,” അദ്ദേഹം പറഞ്ഞു.
എത്രയാകുമെന്ന് ഞാൻ ചോദിച്ചു .
”ഒന്നും വേണ്ട…ഇതൊരു പവിത്രഗ്രന്ഥമല്ലേ” എന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ വീണ്ടും നിർബന്ധിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു:
”അത് ഇത് വാങ്ങാൻ വരുമ്പോൾ നോക്കാം. ഇപ്പൊ നിങ്ങൾ പോയ്‌ക്കൊള്ളൂ… പണി ഞാൻ തീർത്തുവയ്ക്കാം…”
എന്നിട്ട് ഖുർആൻ ആ പുസ്തകക്കൂമ്പാരത്തിനു മുകളിൽ വച്ചു.
ഇതാണ് ഞാൻ വളർന്ന ഇന്ത്യ.