ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസ് ലോയയുടെ ദൂരൂഹമരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണം സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസിന്റെ മരണത്തില്‍ ദുരൂഹത തെളിയിക്കുന്ന ഒട്ടേറെ തെളിവുകള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിരുന്നു.

കൂടാതെ സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. കേസിന്റെ എല്ലാ വശവും പരിഗണിച്ചുകൊണ്ട് തീരുമാനം എടുക്കാമെന്ന് കഴിഞ്ഞ തവണ വാദം കേള്‍ക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.