Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

‘ജഡ്ജിമാരുടെ സുപ്രീംകോടതി വിമര്‍ശനം കമ്മ്യൂണിസ്റ്റ് ഗൂഢാലോചന’; ഡി. രാജയ്ക്കും മകള്‍ക്കുമെതിരെ അസത്യപ്രചരണവുമായി സംഘപരിവാര്‍

, 12:06 pm

ഇന്ത്യയുടെ സുപ്രീംകോടതി പ്രവര്‍ത്തനങ്ങള്‍ ക്രമം തെറ്റിയാണെന്ന ആരോപണവുമായി നാല് ജഡ്ജിമാര്‍ രംഗത്ത് വന്നതിന് പിന്നാലെ, ഇതെല്ലാം കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്നും ഡി. രാജയും മകളും രാജ്യദ്രോഹികളാണെന്നുമുള്ള പ്രചരണവുമായി സംഘപരിവാര്‍. സര്‍ക്കാരിന് നേരെ തിരിഞ്ഞേക്കാവുന്ന സുപ്രീംകോടതി ജഡ്ജിമാരുടെ ആരോപണങ്ങളുടെ മുനയൊടിക്കുകയും വിഷയം വഴിതിരിച്ച് വിടുകയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് സംഘപരിവാര്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത്.

ഇന്നലെ ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി പിരിഞ്ഞതിന് ശേഷം സിപിഐ നേതാവ് ഡി. രാജ ജസ്റ്റീസ് ചെലമേശ്വറുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും ഇത് രാജ്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ആണെന്നുമാണ് സംഘപരിവാര്‍ ആരോപിക്കുന്നത്.

എന്നാല്‍, ജസ്റ്റീസ് ചെലമേശ്വര്‍ തന്റെ ദീര്‍ഘനാളായുള്ള സുഹൃത്താണെന്നും അദ്ദേഹം ഇത്തരമൊരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണാനാണ് എത്തിയതെന്നും അതിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നുമാണ് രാജയുടെ വിശദീകരണം. ഇത് ദഹിക്കാതെയാണ് രാജയുടെ മകളുടെ മുന്‍ ജെഎന്‍യു പ്രസംഗം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് രാജയും മകളും രാജ്യദ്രോഹികളാണെന്ന് സംഘപരിവാര്‍ ആരോപിക്കുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയം പ്രധാന അജണ്ടയാക്കിയ ചില മാധ്യമങ്ങളും ബിജെപി നേതാക്കളും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടിയത് ഇങ്ങനെ.

ഏത് വിധ്വംസക ശക്തി വിചാരിച്ചാലും ഈ രാജ്യത്തെ തകര്‍ക്കാനാകില്ല. കാരണം ഇത് ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഒരു രാജ്യമാണ്. അല്ലെങ്കില്‍ ഇത് കയ്യോടെ പിടിക്കുമായിരുന്നില്ല. പുറകുവശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ട് പോകാന്‍ ഇയാള്‍ക്ക് തോന്നിത് 120കോടി ഇന്ത്യക്കാരുടെ ഭാഗ്യം എന്ന് കെ. സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അതുകൊണ്ടും നിര്‍ത്തിയില്ല.

ഭാരത് കീ ബര്‍ബാദീ തക് ജംഗ് രഹേഗീ ജംഗ് രഹേഗീ(ഭാരതം നശിക്കുന്നതുവരെ യുദ്ധം ചെയ്യും) മകള്‍ ജെ. എന്‍. യുവില്‍ വിളിച്ച മുദ്രാവാക്യമാണിത്. ഇന്ന് അച്ഛന്‍ ചെയ്തതുകണ്ടില്ലേ. രാജ്യദ്രോഹം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവര്‍. ഐ. എസ് തീവ്രവാദികള്‍ പരസ്യമായി പറഞ്ഞുകൊണ്ടാണ് രാജ്യത്തിനെതിരേ പൊരുതുന്നത്. അവരേക്കാള്‍ ഭയപ്പെടേണ്ടത് ഈ വര്‍ഗ്ഗത്തെയാണ്. ഉപ്പുവെച്ച കലം പോലെ ഈ പ്രസ്ഥാനം അലിഞ്ഞില്ലാവുന്നത് ഇത്തരം പ്രവൃത്തികൊണ്ടുതന്നെയാണ്. എന്നാണ് സുരേന്ദ്രന്റെ അടുത്ത പോസ്റ്റ്. ഡി.രാജയുടെ മകള്‍ അപരാജിത രാജ കഴിഞ്ഞ ജെഎന്‍യു തെരഞ്ഞെടുപ്പില്‍ എബിവിക്കെതിരെ മത്സരിച്ചിരുന്നു.

രാജ ചെലമേശ്വറെ കണ്ടത് ബിജെപി അനുകൂല ദേശീയ മാധ്യമങ്ങളും തങ്ങളുടെ താത്പര്യാര്‍ത്ഥം ചര്‍ച്ചയാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തിലാണ് അവരുടെ പ്രചാരണം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം പത്ര സമ്മേളനം വിളിച്ചത്.

Advertisement