പൊതു സ്ഥലങ്ങളില്‍ വെച്ച് ജാതീയപരമായ അധിക്ഷേപം നടന്നാല്‍ മാത്രമേ പിന്നോക്ക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാനാവൂ എന്ന് കര്‍ണാടക ഹൈക്കോടതി. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ വെച്ച് ജാതി അധിക്ഷേപം നടത്തിയെന്ന പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് എം നാഗപ്രസന്നയാണ് വിധി പ്രസ്ഥാവിച്ചത്.
മോഹന്‍ എന്ന വ്യക്തിയാണ് റിതേഷ് പിയാസ് എന്നയാള്‍ക്കെതിരെ ജാതി അധിക്ഷേപം ആരോപിച്ച് പരാതി നല്‍കിയത്. കെട്ടിടത്തിന്റെ ബേസ്മെന്റിനുള്ളില്‍ ജോലി ചെയ്യവെയാണ് ജാതി അധിക്ഷേപം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഒരു പൊതുസ്ഥലത്ത് വെച്ചല്ല സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആരോപണം തള്ളി.
കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിക്കുന്ന മറ്റ് തെളിവുകളുണ്ടെന്നും കോടതി പറഞ്ഞു. മാത്രമല്ല സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്നവര്‍ പരാതിക്കാരന്റെ സുഹൃത്തുക്കളുമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് അല്ലാത്ത ഒരിടത്തുവച്ച് നടത്തുന്ന ജാതി അധിക്ഷേപത്തില്‍, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം നിലനില്‍ക്കില്ലെന്നു കോടതി പറഞ്ഞു.
Read more
റിതേഷ് പയസിനെതിരെ ഐപിസി 323 പ്രകാരം ചുമത്തിയിരുന്ന കുറ്റവും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വിധിച്ചു. പരാതിക്കാരന്റെ കൈയിലും നെഞ്ചിലും ചെറിയ പാടുകള്‍ മാത്രമേ ഉള്ളൂവെന്നാണ് മെഡിക്കല്‍ രേഖകളില്‍ കാണുന്നത്. ചോര പൊടിഞ്ഞതായ സൂചന എവിടെയുമില്ല. ഈ വസ്തുതകള്‍ വച്ച് ഐപിസി പ്രകാരമുള്ള കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.