ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എഎപിയുടെ തകർച്ചയിൽ കനത്ത പ്രഹരമായി ദേശീയ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെയും എഎപി നേതാവ് മനീഷ് സിസോദിയയുടെയും തോൽവി. 4089 വോട്ടുകൾക്കാണ് കെജ്‌രിവാളിന്റെ ദയനീയ തോൽവി.അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കൽകാജി മണ്ഡലത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി വിജയക്കൊടി പാറിച്ചു.
ബിജെപിയുടെ രമേഷ് ബിധുരിയെയും കോൺഗ്രസിന്റെ അൽക ലാമ്പയെയുമാണ് അതിഷി പരാജയപ്പെടുത്തിയത്. കൽക്കാജിയിൽ അതിഷിയുടെ വിജയം 3521 വോട്ടുകൾക്കാണ്. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി നേതാവ് പർവേശ് വർമയാണ് കെജ്‌രിവാളിനെ തോൽപ്പിച്ച് അട്ടിമറി ജയം സ്വന്തമാക്കിയത്. ജംഗ്‌പുര മണ്ഡലത്തിൽ ബിജെപിയുടെ തര്‍വിന്ദര്‍ സിങ്ങിനോടാണ് സിസോദിയ തോറ്റത്.
വോട്ടെണ്ണൽ 10 റൗണ്ടും പൂർത്തിയാകുമ്പോൾ മനീഷ് സിസോദിയ തോറ്റത് 675 വോട്ടുകൾക്കെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ന്യൂഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാർഥി പർവേഷ് വർമ്മ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.