'കര്‍ഷക സമരത്തില്‍ തീവ്ര ഇടത്, മാവോയിസ്റ്റുകള്‍ നുഴഞ്ഞു കയറി, കലാപത്തിന്  ശ്രമിക്കുന്നു'; എ.പി.എം.സി എന്തുകൊണ്ട് കേരളത്തില്‍ ഇല്ലെന്ന് പിയൂഷ് ഗോയല്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ തീവ്ര ഇടത്, മാവോയിസ്റ്റ് സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷകസമരത്തെ തകര്‍ക്കാനും ലഹളയുണ്ടാക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പിയൂഷ് ഗോയല്‍ പറഞ്ഞു.

ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന കവികളും സാമൂഹിക പ്രവര്‍ത്തകരും അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് കര്‍ഷക സമരത്തിനിടെ ആവശ്യമുയര്‍ന്നു. ഇത് മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം കാണുന്നത് തീവ്രനിലപാടുള്ള ഇടത് മാവോയിസ്റ്റ് ഘടകള്‍ സമരത്തില്‍ നുഴഞ്ഞുകയറി എന്ന് വ്യക്തമാക്കുന്നതാണ്. കര്‍ഷക സംഘടനകളുടെ തലപ്പത്തുള്ള ചില നേതാക്കള്‍ക്കും ഇത്തരത്തിലുള്ള ചരിത്രം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

യുഎപിഎ അടക്കമുള്ളവ ചുമത്തപ്പെട്ടവര്‍ക്കുവേണ്ടി സമരം നടക്കുന്ന ഇടങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും അത്തരത്തിലുള്ള പ്രസ്താവനകള്‍ സമരക്കാര്‍ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. കര്‍ഷക സമരത്തില്‍ വിള്ളലുകളുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഗൗരവമായി കാണേണ്ട ചില കാര്യങ്ങള്‍ ഇതിലുണ്ടെന്നും പിയൂഷ് ഗോയല്‍ പറയുന്നു.

രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ ഗുണമുണ്ടാക്കുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് രാജ്യത്ത് ഒരു ചലനവും സൃഷ്ടിച്ചില്ല. ട്രെയിനുകളെല്ലാം സാധാരണ നിലയിലാണ് സര്‍വീസ് നടത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 7 മുതല്‍ എട്ടു ശതമാനം വരെ അധികം ചരക്കുകളാണ് ഭാരത് ബന്ദ് ദിവസം കയറ്റി അയച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തെ കര്‍ഷകരുടെ പിന്തുണ സമരക്കാര്‍ക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ കര്‍ഷകരൊക്കെ സന്തോഷവാന്മാരാണ്. നിയമങ്ങള്‍ വളരെ ദോഷകരമെങ്കില്‍, കാര്‍ഷിക ഉല്‍പാദന വിപണന സമിതികള്‍ (എപിഎംസി- മണ്ഡികൾ) മാത്രമാണ് കര്‍ഷകര്‍ക്കുള്ള ഒരേയൊരു രക്ഷാമാര്‍ഗമെങ്കില്‍ എന്തുകൊണ്ടാണ് കേരളത്തില്‍ ഇത് നടപ്പാക്കാത്തതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കേരളത്തില്‍ ഇടതുപക്ഷവും യുഡിഎഫും മാറിമാറിയാണ് ഭരണം നടത്തിയിരുന്നത്.

Read more

കര്‍ഷകര്‍ക്ക് ഏറെ ഗുണകരമെങ്കില്‍ എന്തുകൊണ്ട് ഇതുവരെ കേരളത്തില്‍ മണ്ഡി നിയമം നടപ്പാക്കിയില്ല?/  രാഷ്ട്രപതിയെ കാണാന്‍ പോയ നേതാക്കളുടെ കൂട്ടത്തില്‍ രണ്ട് ഇടതു നേതാക്കളുമുണ്ടായിരുന്നു. 20 വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.