ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള്‍. ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് മുന്നോടിയായാണ് തങ്ങളെ ജയിലില്‍ അടയ്ക്കൂ എന്ന ആഹ്വാനത്തോടെ കെജ്രിവാളിന്റെ വെല്ലുവിളി.

സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയില്‍ മുഴുവന്‍ എഎപി നേതാക്കളും ബിജെപി ആസ്ഥാനത്തെത്തി അറസ്റ്റ് ആവശ്യപ്പെടണമെന്നാണ് കെജ്രിവാളിന്റെ ആഹ്വാനം.

അതേസമയം സ്വാതി മലിവാളിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതികരിക്കാന്‍ കെജ്രിവാള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് അതിക്രമം നേരിട്ടതായാണ് സ്വാതിയുടെ പരാതി. എന്നാല്‍ തങ്ങളെ ജയിലില്‍ അടച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന ചിന്ത തെറ്റാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

ആംആദ്മി പാര്‍ട്ടി ഒരു ആശയമാണ്. നിങ്ങള്‍ എത്രത്തോളം പേരെ ജയിലില്‍ അടയ്ക്കുന്നുവോ അത്രത്തോളം ഈ ആശയം പ്രചരിക്കപ്പെടും. തങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അത്ഭുതപ്പെട്ടുപോകുന്നു. ഡല്‍ഹിയിലെ ദരിദ്രര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതാണോ തങ്ങള്‍ ചെയ്ത തെറ്റ്. മോഹല്ല ക്ലിനിക്കുകള്‍ ആരംഭിച്ചതാണോ തെറ്റെന്ന് ചോദിച്ച കെജ്രിവാള്‍ ബിജെപിയ്ക്ക് ഇതൊന്നും സാധിക്കാത്തതിനാലാവാം എഎപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.