'ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുത്; ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു; ഗുരുതര ആരോപണവുമായി എന്‍സിപി എംപി സുപ്രിയ സുലെ

കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി എന്‍സിപി എംപിയും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ. തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നാണ് അവര്‍ പരാതി ഉയര്‍ത്തിയിരിക്കുന്നത്. തന്റെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എംപി എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫോണ്‍ ചോര്‍ത്തലില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും എംപി പറഞ്ഞു. സംഭവത്തില്‍ എംപി പുണെ റൂറല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെയും നേതാക്കളുടെയും ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പെഗാസസിനെ പോലെയുള്ള ഒരു സ്പൈവെയര്‍ ആക്രമണത്തിന് ഉപഭോക്താക്കള്‍ ഇരയായേക്കാമെന്ന് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകരെയും, മാധ്യമപ്രവര്‍ത്തകരെയും, അഭിഭാഷകരെയും ഏകാധിപത്യ സര്‍ക്കാരുകള്‍ ഇസ്രയേലി സര്‍വ്വയിലന്‍സ് കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ഹാക്കിങ്ങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

ലോകത്തില്‍ ഇന്നോളം ഡെവലപ്പ് ചെയ്തിരിക്കുന്നതില്‍ ഏറ്റവും ശക്തമായ സ്പൈവെയറിന്റെ പേരുകളില്‍ ഒന്നാണ് പെഗാസസ്. നിങ്ങളുടെ ഫോണില്‍ പെഗാസസ് കടന്നു വന്നാല്‍ 24 മണിക്കൂറും നിങ്ങളുടെ ഓരോ ചലനങ്ങളും വീക്ഷിക്കാന്‍ പെഗാസസിലൂടെ സാധിക്കും.

ഫോണുകളെ സര്‍വ്വയിലന്‍സ് ഡിവൈസുകള്‍ ആക്കി പെഗാസസ് മാറ്റും. ഫോണുപയോഗിക്കുന്ന നിങ്ങള്‍ അറിയാതെ തന്നെ ക്യാമറയും മൈക്രോ ഫോണും ആക്ടീവാക്കാന്‍ കഴിയും. നിങ്ങളുടെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്താം, പറയുന്നത് റെക്കോഡ് ചെയ്യാം,

ഐഫോണുകളെയും, ആന്‍ഡ്രോയ്ഡ് ഫോണുകളെയും ഇന്‍ഫെക്ട് ചെയ്യുന്ന ഈ മാല്‍വെയര്‍ മെസയ്ജുകളും, ഫോട്ടോകളും, ഇമെയിലുകളും എക്സ്ട്രാക്റ്റ് ചെയ്യും, കോളുകള്‍ റെക്കോഡ് ചെയ്യും. നിങ്ങളിപ്പോള്‍ എവിടെയാണ്, ആരെയെല്ലാം കണ്ടു, തുടങ്ങി എല്ലാം പെഗാസസിലൂടെ അറിയാന്‍ കഴിയും. അതിന് നിങ്ങളുടെ ഒരു ക്ലിക്ക്പോലും വേണ്ട. സീറോ ക്ലിക്ക് എന്നാണ് ഇതിന് പറയുക.

Read more

ഇസ്രയേലി കമ്പനി എന്‍.എസ്.ഒയാണ് പെഗാസസ് വികസിപ്പിച്ചെടുത്തത്. കോടിക്കണക്കിന് ഫോണുകളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് പെഗാസസിനുണ്ട്. 2016 മുതല്‍ക്ക് തന്നെ പെഗാസസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സജീവമാണ്.