ലൗ ജിഹാദിനെ പ്രതിരോധിക്കാന്‍ ലൗ കേസരി; ശ്രീരാമസേന നേതാവിന് എതിരെ കേസ്

ലൗ ജിഹാദിനെ പ്രതിരോധിക്കാന്‍ ലൗ കേസരി നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത ശ്രീരാമസേന നേതാവ് രാജചന്ദ്ര രമണഗൗഡയ്‌ക്കെതിരെ കേസ്. രാജ്യത്ത് ലൗ ജിഹാദ് വര്‍ധിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ മുസ്ലീം പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതംമാറ്റണം എന്നുമുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കര്‍ണാടക പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ രാംചൂര്‍ ജില്ലയില്‍ നടന്ന ശ്രീരാമനവമി ആഘോഷത്തിനിടെയാണ് രാജചന്ദ്ര രമണഗൗഡ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ലൗ ജിഹാദ് പോലുള്ള സംഭവങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനായി ലൗ കേസരി പോലുള്ള രീതികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു. ലൗ ജിഹാദ് പോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ മുസ്ലിം യുവാക്കളും ലൗ കേസരി നടത്തുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Read more

ശ്രീരാമനവമി ആഘോഷ വേദിയില്‍ വെച്ച് നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിച്ചതിനും, മതത്തിനും വംശത്തിനും അധിക്ഷേപത്തിനും ആക്രമണത്തിനുമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.