പാചകവാതകത്തിന് വിലക്കൂടുതല്‍; അടുപ്പ് കത്തിക്കാന്‍ ബി.ജെ.പിയുടെ പരസ്യ ബോര്‍ഡുകള്‍ പൊളിച്ചെടുത്ത് യു.പിയിലെ ജനങ്ങള്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന റാലികളുടെയും അത് സംബന്ധിച്ച് ഉണ്ടാകാറുള്ള സംഭവവികാസങ്ങളുടെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമുള്ള വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

യുപി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബര്‍ 28ന് ബി.ജെ.പി ദേശീയ അ!ക്ഷന്‍ ജെ.പി. നദ്ദ പങ്കെടുത്ത റാലിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റാലിക്ക് ശേഷം പ്രദേശത്ത് സ്ഥാപിച്ചിരുന്ന വലിയ പരസ്യപ്പലക ആളുകള്‍ ഇളക്കി എടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

പാചകവാതക സിലിണ്ടറുകള്‍ക്ക് ചെലവ് കൂടുതല്‍ ആയതിനാല്‍ വിറകടുപ്പ് കത്തിക്കാന്‍ പലക കഷ്ണങ്ങള്‍ ഉപകരിക്കും എന്ന് പറഞ്ഞാണ് ആളുകള്‍ ഇത് ഇളക്കി എടുത്തുകൊണ്ട് പോയത്. ലക്ഷക്കണക്കിന് രൂപ മുടക്കി ബി.ജെ.പി സ്ഥാപിച്ച ബോര്‍ഡുകളാണ് വിറകിനായി ആളുകള്‍ പൊളിച്ചെടുത്തത്. 1000 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. അത് കാലിയായി കഴിഞ്ഞാല്‍ വീണ്ടും നിറയ്ക്കാന്‍ പണമില്ല. പാചകത്തിന് ഉപയോഗിക്കാനാണ് ബോര്‍ഡില്‍ നിന്ന് ഇളക്കി എടുത്ത പലകകള്‍ കൊണ്ടു പോകുന്നത് എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ കാണാം.

ഉത്തര്‍പ്രദേശില്‍ പാചകവാതകത്തിന് 900 രൂപയാണ് വില. 2016ല്‍ തുടക്കമിട്ട പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലേക്ക് സൗജന്യമായി പാചകവാതക കണക്ഷനുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പാചകവാതകത്തിന് വില കൂടിയതോടെ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് ഇവിടുത്തെ ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് വലിയ ബാദ്ധ്യതയായി മാറുകയായിരുന്നു. റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കംപാഷനേറ്റ് ഇക്കണോമിക്‌സ് 2019ല്‍ നടത്തിയ പഠനം അനുസരിച്ച് ബിഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സൗജന്യമായി പാചകവാതക കണക്ഷന്‍ ലഭിച്ച 73 ശതമാനം കുടുംബങ്ങള്‍ വിലതാങ്ങാന്‍ കഴിയാത്തത് കാരണം പാചകത്തിനായി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്.