മധ്യപ്രദേശ് ഹണിട്രാപ്പ് കേസ്: രാഷ്ട്രീയ നേതാക്കളുടെ ദൃശ്യങ്ങൾ വിറ്റത് കോടിക്കണക്കിന് രൂപയ്ക്ക്

മധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ ഹണിട്രാപ്പ് കൂടുതല്‍ വിവാദത്തിലേക്ക്. സംഘത്തിലെ പ്രധാനിയായ ശ്വേത ജെയിൻ അറസ്റ്റിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ 12 ഉന്നത ഉദ്യോഗസ്ഥരും എട്ട് മുൻ മന്ത്രിമാരും ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

പിതാവിന്റെ പ്രായമുള്ളവരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കോളജ് വിദ്യാർത്ഥിനികളായ 24 പെൺകുട്ടികളെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നതായും പിടിയിലായ ശ്വേത ജെയിൻ പൊലീസിന് മൊഴി നൽകിയിരുന്നു. 5000-ൽ അധികം വീഡിയോ തെളിവുകളും ഫോട്ടോകളുമായിരുന്നു ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഇതിനിടെ ഹണിട്രാപ്പ് സംഘം പകർത്തിയെന്ന് കരുതുന്ന മുൻ മുഖ്യമന്ത്രിയുടെയും വലതുപക്ഷ നേതാവിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മധ്യപ്രദേശിലെ ലൈംഗിക വിവാദക്കേസില്‍ ഉൾപ്പെട്ട രണ്ടു സ്ത്രീകൾ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് മുതിർന്ന രാഷ്ട്രീയനേതാക്കളുടെ അശ്ലീലവീഡിയോകള്‍ ഉപയോഗിച്ച് പാർട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ മാറി കോൺഗ്രസ് അധികാരത്തിൽ വന്നത് രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ ഇവർക്കുണ്ടായിരുന്ന ബന്ധങ്ങളെ ബാധിച്ചു. അതിനാൽ, കാര്യങ്ങൾ മോശമാകും മുമ്പ് പരമാവധി പണമുണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

ആറുകോടി രൂപയ്ക്ക് വീഡിയോകൾ വാങ്ങാമെന്ന് രാഷ്ട്രീയക്കാരിലൊരാൾ സമ്മതിച്ചെങ്കിലും 30 കോടി രൂപയിൽ കുറയ്ക്കാൻ സ്ത്രീകൾ തയ്യാറായില്ല. വീഡിയോകൾ മൊത്തത്തിലെടുക്കാൻ ആരും തയ്യാറാകാഞ്ഞതിനാൽ, കുറച്ചെണ്ണം ചില രാഷ്ട്രീയക്കാർക്ക് ഏതാനും കോടികൾക്കു വിറ്റെന്നും റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയ പാർട്ടികളും നേതാക്കളും പരസ്പരം ചെളി വാരിയെറിയാൻ തക്കം പാർത്തിരിക്കുന്ന സമയമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതിന് അവസരം കിട്ടുമെന്നാണ് സംഘം കരുതിയിരുന്നത്. എന്നാൽ കാശിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതിനാൽ കാര്യമായ നീക്കങ്ങൾ ഒന്നും തന്നെ സംഘത്തിന് നടത്താൻ സാധിച്ചില്ല.

എന്നാൽ കൂടുതൽ വീഡിയോ വിറ്റഴിക്കാനുള്ള ശ്രമത്തിനിടെ സംഘത്തിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതോടെ എല്ലാം അവതാളത്തിലാകുകയായിരുന്നു. ഇന്ദോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനീയർ ഹർഭജൻ സിംഗിന്റെ പരാതിയിൽ അഞ്ചു സ്ത്രീകളെയും അവരുടെ ഡ്രൈവറെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.
സംഘത്തിനു നേതൃത്വം നൽകിയ ശ്വേതാ ജെയിനാണ് അന്വേഷണ സംഘത്തോട്‌ കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതർക്കു മുമ്പിലെത്തിച്ചതെന്ന് അവർ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഉന്നതരെ സ്വാധീനിച്ച് വിവിധ കമ്പനികൾക്കു വേണ്ടി സർക്കാർ കരാറുകൾ നേടിക്കൊടുക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും പ്രതിഫലം വാങ്ങിയാണിത്‌ ചെയ്തതെന്നും ശ്വേത പൊലീസിനോട് പറഞ്ഞിരുന്നു. അറസ്റ്റിലായ കോളജ് വിദ്യാർത്ഥിനി മോണിക്കാ യാദവിനെയും ശ്വേതയെയും ഒരുമിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്തു. സംസ്ഥാനത്തെ പ്രശസ്തമായ കോളജിൽ ചേരുന്നതിനായാണ് താൻ ശ്വേതയെ കണ്ടെതെന്നായിരുന്നു വിദ്യാർത്ഥിനിയുടെ മൊഴി. സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് ശ്വേത പറഞ്ഞിരുന്നതായും മോണിക്ക വെളിപ്പെടുത്തിയിരുന്നു.
ഹണി ട്രാപിൽ പിടിയിലായ പ്രതികളുടെ ഫോണുകളിൽ നിന്നും ലാപ്ടോപിൽ നിന്നും ആയിരക്കണക്കിന് സെക്സ് ചാറ്റുകളും, വീഡിയോ ദൃശ്യങ്ങളുമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇരകളെ കബളിപ്പിക്കുന്നതിനായി ഹണി ട്രാപ്പ് സംഘം പല പല സ്ഥലങ്ങളാണ് ഇടപാടിനായി തിരഞ്ഞെടുക്കുന്നത്. ക്ലബുകൾ, ഹോട്ടലുകൾ, വീടുകൾ, ഫാം ഹൗസുകൾ, ഗസ്റ്റ് ഹൗസുകൾ, സഞ്ചരിക്കുന്ന ട്രെയിനുകൾ എന്നിവ സംഘം ഇടപാടിനായി തിരഞ്ഞെടുക്കാറുണ്ടെന്ന് പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്ത വീഡിയോകളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് വ്യക്തമാക്കി.
മധ്യപ്രദേശിലെ മുൻ ബിജെപി സർക്കാരിലെ രണ്ടു മന്ത്രിമാർ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എസ്ഐടി പറഞ്ഞു. അശ്ലീലദൃശ്യങ്ങൾ വെച്ച് രാഷ്ട്രീയക്കാരോടു വിലപേശിയതിൽ ഡൽഹി ആസ്ഥാനമായുള്ള ഹിന്ദി ചാനലിന്റെ റിപ്പോർട്ടർക്കുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. മുൻമന്ത്രിമാരും ഐഎഎസുകാരും ഐപിഎസുകാരുമുൾപ്പെട്ട 92 വീഡിയോ ശകലങ്ങളാണ് എസ്ഐടി പരിശോധിക്കുന്നത്. അറസ്റ്റിലായ അഞ്ചു സ്ത്രീകളെയും മധ്യപ്രദേശ് കോടതി ഈമാസം പതിന്നാലുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡ്രൈവർ നേരത്തേ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ശ്വേതാ സ്വപ്നിൽ ജെയ്ൻ, ശ്വേതാ വിജയ് ജെയ്ൻ, ആരതി ദയാൽ, മോനിക്കാ യാദവ്, ബർഖ സോനി എന്നിവരാണ് പിടിയിലായിട്ടുള്ളത്.