മഹുവ മൊയ്ത്രയെ തൃണമൂല്‍ കൈവിട്ടു; പ്രതികരിക്കാതെ മമത ബാനര്‍ജി; ആരോപണക്കുരുക്കിലാക്കി തന്റെ വായടപ്പിക്കാന്‍ ശ്രമമെന്ന് എംപി

ലോകസഭയില്‍ ചോദ്യമുന്നയിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എംപി മഹുവ മൊയ്ത്രയെ കൈവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. എംപി ആരോപണം സമ്മതിച്ചതിനാല്‍ ഇനി ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. പാര്‍ട്ടി മഹുവ മൊയ്ത്രയെ പൂര്‍ണമായും കൈവിട്ടിരിക്കുകയാണ്.

എന്നാല്‍, മഹുവ മൊയ്ത്രയെ നിശ്ശബ്ദയായിരിക്കില്ലെന്ന നിലപാടിലുറച്ച് മുന്നോട്ട് പോകുകയാണ്. ആരോപണക്കുരുക്കിലാക്കി തന്റെ വായടപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

അതേസമയം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനു പകരം ലോക്സഭാ എത്തിക്‌സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായി തന്റെ വാദം അവതരിപ്പിക്കുകയാണ് മഹുവ ചെയ്യേണ്ടതെന്ന് ബിജെപി പറഞ്ഞു. കമ്മിറ്റിയുടെ അന്വേഷണം പൂര്‍ത്തിയാകുംവരെ മഹുവ പദവി രാജിവെക്കുമോയെന്നും തൃണമൂല്‍ നടപടിയെടുക്കുമോയെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനേവാല എക്‌സില്‍ ചോദിച്ചു.

അതേസമയം, അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ ഗൗതം അദാനിക്കെതിരെ ആരോപണവുമായി മഹുവ മൊയ്ത്ര രംഗത്ത് എത്തിയിട്ടുണ്ട്. ചോദ്യത്തിന് കോഴ വിവാദം അദാനിയുടെ തിരക്കഥയാണെന്നും പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാതിരിക്കാന്‍ അദാനി പണം വാഗ്ദനം ചെയ്തുവെന്നുമാണ് മഹുവയുടെ ആരോപണം. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മഹുവ ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ട് ലോക്‌സഭ എംപിമാരിലൂടെ അദാനി തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും മഹുവ പറഞ്ഞു. കോഴ ആരോപണ വിവാദത്തിന് പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്ന് വിളിയെത്തിയെന്നും തിരഞ്ഞെടുപ്പ് വരെ അദാനിക്കെതിരെ സംസാരിക്കരുതെന്നും എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാമെന്നും ഉറപ്പ് നല്‍കിയെന്നും മഹുവ ആരോപിച്ചു.

വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തനിക്ക് വീണ്ടും സന്ദേശം ലഭിച്ചു, ‘ദയവായി എല്ലാം അവസാനിപ്പിക്കണം, ആറു മാസത്തേക്ക് മിണ്ടാതെയിരിക്കണം. അദാനിയെ വേണമെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം എന്നാല്‍ പ്രധനമന്ത്രിക്കെതിരെ ശബ്ദിക്കരുത്’- മഹുവ ആരോപിച്ചു. അതേസമയം, മഹുവക്കെതിരെ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നിലപാട് കടുപ്പിച്ചു. രണ്ടിന് തന്നെ മഹുവ ഹാജരാകണമെന്നും തീയതി ഇനി നീട്ടില്ലെന്നും പരാതി വളരെ ഗൗരവമുള്ളതെന്നും സമിതി വ്യക്തമാക്കി.

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് പാര്‍ലമെന്റ് ലോഗിനും പാസ്വേഡും നല്‍കിയ ആരോപണം മഹുവ മൊയ്ത്ര സമ്മതിച്ചിരുന്നു. പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. ലോഗിന്‍, പാസ്വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും ലക്ഷ്യം പണമാല്ലായിരുന്നെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹുവ മൊയ്ത്ര വിശദീകരിച്ചു.

പാര്‍ലമെന്റ് അം?ഗങ്ങളുടെ ഔദ്യോ?ഗിക ഇ മെയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു നിയമവും നിലവിലില്ല. ഒരു എംപിയും ചോദ്യങ്ങള്‍ സ്വയം തയ്യാറാക്കുന്നതല്ല, പാസ്വേഡ് വിവരങ്ങള്‍ എല്ലാവരുടെയും ടീമിന്റെ പക്കലുണ്ട്. എന്നാല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപി വരുന്നത് തന്റെ ഫോണിലേക്ക് മാത്രമാണ്. താന്‍ ഒടിപി നല്‍കിയാല്‍ മാത്രമേ ചോദ്യങ്ങള്‍ സമര്‍പ്പിക്കുകയുള്ളൂ എന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.

രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ഹിരനന്ദാനിയില്‍ നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രം?ഗത്തെത്തിയത്.