സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പൊലീസ് കസ്റ്റഡിയില്‍. ശനിയാഴ്ച തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈപ്പാസ് റോഡില്‍ ഒരു വാഹനാപകടത്തെ തുടര്‍ന്ന് തര്‍ക്കം നടക്കുന്നുവെന്ന് അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വാഹനത്തിനുള്ളില്‍ കണ്ടത് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ ആയിരുന്നു.
തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ക്കെതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഓം പ്രകാശിന്റേത് കരുതല്‍ കസ്റ്റഡി മാത്രമാണെന്ന് പൊലീസ് അറിയിക്കുന്നു. ശനിയാഴ്ച രാത്രി ബൈപ്പാസ് റോഡില്‍ ഓംപ്രകാശ് സഞ്ചരിച്ച കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ടതാണ് തര്‍ക്കത്തിന് കാരണമായത്.
ഇതിന് പിന്നാലെയാണ് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസ് കാറില്‍ നടത്തിയ പരിശോധനയിലാണ് ഓംപ്രകാശിനെ ശ്രദ്ധയില്‍പ്പെട്ടത്. ഓംപ്രകാശ് സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലാണെന്നും പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read more
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഓംപ്രകാശിന്റെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഓംപ്രകാശിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.