ഇന്ത്യാ സഖ്യം ഭൂരിപക്ഷം നേടും; രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും; കോണ്‍ഗ്രസ് 128 സീറ്റുകള്‍ നേടും; പ്രഖ്യാപിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം ഭൂരിപക്ഷം നേടുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതു തന്റെ ആഗ്രഹമാണെന്നും അദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 128 സീറ്റുകള്‍ വരെ നേടും. റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രിയങ്ക മത്സരിക്കില്ലെന്ന് സ്വയം തീരുമാനമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം തവണയും അധികാരം ലക്ഷ്യം വെക്കുന്ന ബിജെപിയെ താഴെയിറക്കാന്‍ ഇന്ത്യാ സഖ്യത്തിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഖാര്‍ഗെ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഇതിനകം 100 സീറ്റുകള്‍ കടന്നു. 128 സീറ്റുകള്‍ നേടാമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തുന്നതില്‍ നിന്ന് തടയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

രാഹുലിന്റെ നേതൃത്വത്തില്‍ നടത്തിയ ഭാരത് ജോഡോ യാത്രകള്‍ കോണ്‍ഗ്രസിന് രാജ്യത്ത് കൂടുതല്‍ സ്വീകാര്യത നല്‍കി. രാജ്യം നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഹുലിന്റെ ദീര്‍ഘ ദൃഷ്ടിക്ക് കഴിഞ്ഞുവെന്നും അദേഹം പറഞ്ഞു.