എമ്പുരാൻ സിനിമയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. ഗോധ്രാ കലാപത്തെ കുറിച്ച് പക്ഷപാതപരമായാണ് ചിത്രം പറയുന്നത്. എമ്പുരാൻ രാഷ്ട്രീയ അജണ്ടയുള്ള സിനിമയാണെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാടിന് സിനിമ ഉയോഗിച്ചുവെന്നും മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു. മോഹൻലാൽ സ്വന്തം ആരാധകരെ വഞ്ചിച്ചുവെന്നും ലേഖനത്തിലുണ്ട്.
സിനിമയോട് കേരളത്തിലെ ബിജെപി നിലപാട് മയപ്പെടുത്തുമ്പോഴാണ് രൂക്ഷ വിമർശനവുമായി ആർഎസ്എസ് രംഗത്തെത്തുന്നത്. സിനിമ ഇന്ത്യാ വിരുദ്ധ അജണ്ടയാണ്. ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുന്നുവെന്നും ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നു. കലാപരമായ ചെലവ് കണക്കിലെടുക്കാതെ, സ്വന്തം രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ സ്വന്തം വേദി ഉപയോഗിച്ചതിന് സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് സുകുമാരനെ വിമർശിക്കേണ്ടതുണ്ട്.
അത്തരം ഉള്ളടക്കത്തെ വിമർശനാത്മകമായി പരിശോധിക്കേണ്ടത് നിർണായകമാണ്. കൂടാതെ വർഗീയ സംഘർഷങ്ങളും ഭിന്നതയും വളർത്താനുള്ള അതിന്റെ സാധ്യത അവഗണിക്കരുത്. ഇതിനകം തന്നെ ധ്രുവീകരിക്കപ്പെട്ട ഒരു അന്തരീക്ഷത്തിൽ, എമ്പുരാൻ പോലുള്ള ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള സിനിമകൾ നിലവിലുള്ള വിള്ളലുകൾ വർധിപ്പിക്കുകയും ഇന്ത്യൻ സമൂഹത്തിന്റെ ശിഥിലീകരണത്തിന് കാരണമാവുകയും ചെയ്യുമെന്നും ഓർഗനൈസർ റിപ്പോർട്ടിൽ പറയുന്നു.
ഒരു മുസ്ലീം ഗ്രാമം പൂർണ്ണമായും കത്തിക്കുന്ന എന്ന രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഹിന്ദു പുരുഷൻമാർ ഒരു മുസ്ലിം കുട്ടിയെ മർദ്ദിക്കുന്നതും ശർഭിണിയായ മുസ്ലിം സ്ത്രീയെ ആക്രമിക്കുന്നതും ചിത്രത്തിലുണ്ട്. ഹിന്ദുക്കളെ മുഴുവൻ അക്രമകാരികളായി ചിത്രീകരിക്കുകയാണ്. ഇത് രണ്ട് സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതാണ്. മോഹൻലാലിനെ പോലൊരു നടൻ എന്തുകൊണ്ടാണ് ഇത്തരമൊരു കഥ തിരഞ്ഞെടുത്തത് എന്നത് ദുരൂഹമാണ്. ഇത് ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനത്തിൽ പറയുന്നു.
എമ്പുരാൻ വെറുമൊരു സിനിമയല്ല. ഇതിനകം തന്നെ തകർന്ന ഇന്ത്യയെ കൂടുതൽ വിഭജിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ആഖ്യാനം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമാണിത്. ചിത്രത്തിൽ മോഹൻലാലിന്റെ പങ്കാളിത്തം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണ്. കൂടാതെ പൃഥ്വിരാജ് സുകുമാരന്റെ രാഷ്ട്രീയ അജണ്ട ഓരോ ഫ്രെയിമിലും വ്യക്തമാണ്.
സാമൂഹിക ഐക്യത്തിന് ഹാനികരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ സിനിമയെ ഉപകരണമായി ഉപയോഗിക്കുന്ന ഒരു പ്രത്യയശാസ്ത്ര ആയുധമാണിത്. പൊതുജനങ്ങൾ, പ്രത്യേകിച്ച് മോഹൻലാലിനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ, സിനിമയുടെ ഉള്ളടക്കത്തെ വിമർശനാത്മകമായി കാണുകയും അതിന്റെ രാഷ്ട്രീയ അർഥങ്ങൾ തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഓർഗനൈസർ എഴുതി.
Read more
അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിലും 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിലെത്തിയിരിക്കുകയാണ് എമ്പുരാൻ. പ്രമുഖ ട്രേഡ് അനലിസ്റ്റ് സാക്നിൽക്ക് കളക്ഷൻ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. മലയാളം പതിപ്പ് 18.6 കോടിയാണ് ആദ്യ ദിനം നേടിയത്. എന്നാൽ രണ്ടാം ദിവസമാകട്ടെ 10.75 കോടി രൂപയും നേടി. എമ്പുരാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല ഇനിയും കളക്ഷൻ റിക്കോർഡുകൾ തിരുത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.