കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ഞായറാഴ്ച ജമ്മു കശ്മീരിലെ കത്വയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രസംഗം പൂര്‍ണമാക്കാതെ മടങ്ങുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു ജമ്മു കശ്മീരിലെ മൂന്നാംഘട്ട നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോഗ്യനില മോശമായത്. പ്രസംഗം തുടങ്ങുമ്പോള്‍ മുതല്‍ ഖാര്‍ഗെ അസ്വസ്ഥനായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രസംഗത്തിനിടെ വാക്കുകള്‍ മുറിയുകയും ശബ്ദം ഇടറുകയും ചെയ്തിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഖാര്‍ഗെയ്ക്ക് സമീപമെത്തി. അവര്‍ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പിന്മാറാന്‍ ഖാര്‍ഗെ തയ്യാറായിരുന്നില്ല. വെള്ളം കുടിച്ച ശേഷം വീണ്ടും സംസാരിക്കാന്‍ ശ്രമിച്ച ഖാര്‍ഗെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
Read more
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് ഖാര്‍ഗെ പറഞ്ഞു. തനിക്ക് ഇപ്പോള്‍ 83 വയസായെന്നും എന്നാല്‍ അത്ര വേഗം താന്‍ മരിക്കില്ലെന്നും പറഞ്ഞ ഖാര്‍ഗെ മോദിയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെ ഇറക്കുംവരെ താന്‍ ജീവിച്ചിരിക്കുമെന്നും വ്യക്തമാക്കി.