BGT 2025: ഇതുപോലെ ഒരു എൻ്റർടെയ്നിങ് ഇന്നിംഗ്സ് ഞാൻ കണ്ടിട്ടില്ല, ഓരോരുത്തർ 10 റൺ എടുക്കാൻ ബുദ്ധിമുട്ടുമ്പോൾ അവൻ പൊളിച്ചടുക്കി; പന്തിനെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് വിക്കറ്റ് കീപ്പർ ഋഷബ് പന്ത് കാഴ്ച വെച്ചത്. 33 പന്തിൽ നിന്നായി 61 റൺസ് ആണ് അദ്ദേഹം അടിച്ചെടുത്തത്. ടെസ്റ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് അർദ്ധ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് ഋഷബ് പന്തിന് തന്നെയാണ്. 2022 ഇൽ 28 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ താരം ഇന്ന് 29 പന്തുകളിലാണ് അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്.

അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ന് ഋഷബ് കളിക്കളത്തിൽ കാഴ്ച വെച്ചത്. താരത്തിന്റെ ബാറ്റിംഗ് മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.

സച്ചിൻ ടെണ്ടുൽക്കർ പറയുന്നത് ഇങ്ങനെ:

” നിലവിലെ സാഹചര്യത്തിൽ മിക്ക ബാറ്റ്‌സ്മാന്മാരും 50 ഇൽ താഴെ സ്ട്രൈക്ക് റേറ്റിൽ കളിച്ചപ്പോൾ ഇവിടെ ഒരാൾ 184 സ്ട്രൈക്ക് റേറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്നു. അത്ഭുതകരമായ ബാറ്റിംഗ് ആണ് അദ്ദേഹം കാഴ്ച വെച്ചത്. ആദ്യ ബോൾ മുതൽ ഓസ്‌ട്രേലിയയെ നിലം പരിശാക്കുകയായിരുന്നു ഋഷബ് പന്ത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം ശരിക്കും എന്റർടൈനിംഗ് ആണ്. നിർണായകമായ പ്രകടനമായിരുന്നു അത്” സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.