എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

എറണാകുളം തൃപ്പുണ്ണിത്തുറയില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷന് സമീപം കോണ്‍വെന്റ് റോഡില്‍ വാരിയംപുറം പുന്നവയലില്‍ വീട്ടില്‍ ജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി വീടിന് പുറത്ത് ആരെയും കണ്ടിരുന്നില്ല.

ഇതേ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ അയല്‍വാസികള്‍ ഉള്‍പ്പെടെ വീട്ടിലെത്തി പരിശോധന നടത്തി. വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ അയല്‍വാസികള്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നാലെ അഗ്നിശമന സേനയെത്തിയാണ് വീടിന്റെ വാതില്‍ പൊളിച്ച് പൊലീസ് അകത്ത് കടന്ന് പരിശോധന നടത്തിയത്. ജീവനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവന്‍ വിവാഹിതനാണെങ്കിലും ഭാര്യയും മകളും പിണങ്ങി മാറി താമസിക്കുകയാണ്. തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.