പത്ത് വര്‍ഷത്തിനിടെ 117 വാര്‍ത്താ സമ്മേളനങ്ങൾ, മുൻകൂട്ടി തയാറാക്കാത്ത ചോദ്യങ്ങൾ... ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനം മൻമോഹൻ സിങ്ങിന്റേത്

പ്രധാനമന്ത്രി പഥത്തിൽ മൗനമായിരിക്കുന്നു എന്നതാണ് ഡോ. മന്‍മോഹന്‍ സിംഗ് തന്റെ പത്ത് വർഷത്തെ ഭരണകാലത്ത് ഏറ്റവും കൂടുതൽ കേട്ട വിമർശനം. മൗനി ബാബ എന്ന പേരിലും അന്നത്തെ മാധ്യമങ്ങൾ ഉൾപ്പെടെ അദ്ദേഹത്തെ പരിഹസിച്ചിരുന്നു. പത്ത് വര്‍ഷത്തിനിടെ 117 വാര്‍ത്താ സമ്മേളനങ്ങൾ നടത്തിയ മൻമോഹനെ ആയിരുന്നു ഇന്നത്തെ പ്രധാനമന്ത്രി അടക്കം ഈ പേരിൽ വിളിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത സംഗതിയായിട്ട് രാജ്യത്ത് ഇന്ന് 11 വർഷങ്ങൾ പിന്നിടുന്നു. അതുകൊണ്ടുതന്നെയാണ് മൻമോഹൻ സിംഗിന്റെ ഭരണ കാലവും വിടവാങ്ങലും ചെറുതല്ലാത്ത നഷ്ടബോധത്തോടെ ഇന്ന് രാജ്യം നോക്കികാണുന്നത്. അന്ന് പരിഹസിച്ചവരോടെ ചരിത്രം തന്നോട് ദയ കാണിക്കുമെന്ന് മാത്രമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ മറുപടി. അതിന്ന് സത്യമാവുകയാണ്.

ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് മന്‍മോഹന്‍ സിംഗ് മുഖം തിരിച്ചിരുന്നില്ല, ഒളിച്ചോടിയിരുന്നില്ല. പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷങ്ങളില്‍ 117 വാര്‍ത്താസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുത്തു. അതില്‍ 72 എണ്ണം വിദേശ സന്ദര്‍ശന വേളകളിലായിരുന്നു. 23 എണ്ണം ആഭ്യന്തര തലത്തിലോ സംസ്ഥാന സന്ദര്‍ശനങ്ങളിലോ ആയിരുന്നെങ്കില്‍ 12 എണ്ണം തിരഞ്ഞെടുപ്പുകളോ രാഷ്ട്രീയ സംഭവങ്ങളോ ബന്ധപ്പെട്ടായിരുന്നു. ഈ വാര്‍ത്താ സമ്മേളനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, നേരത്തെ പറഞ്ഞുറപ്പിച്ച ചോദ്യങ്ങളെ പാടുള്ളു എന്ന നിബന്ധനയും ഉണ്ടായിരുന്നില്ല.

2014ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയ അവസാന വാര്‍ത്താ സമ്മേളനത്തില്‍ മുന്‍കൂട്ടി അറിയിക്കാത്ത 62 ചോദ്യങ്ങള്‍ക്കായിരുന്നു മന്‍മോഹന്‍ സിംഗ് മറുപടി നല്‍കിയത്. നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ അന്നവിടെ സന്നിഹിതരായിരുന്നു. മന്‍മോഹന്‍ സിംഗിന്റെ അവസാന വാര്‍ത്താ സമ്മേളനം എന്ന നിലയില്‍ മാത്രമായിരുന്നു അന്ന് അതിനെ കണ്ടതെങ്കിലും, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനമായിരുന്നു അതെന്ന തിരിച്ചറിവ് ഇന്ന് മാധ്യമ ലോകത്തിനും ജനങ്ങള്‍ക്കുമുണ്ട്.