കേരളത്തിലെ നിപ കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

കേരളത്തിലെ നിപ കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രം സംഘത്തെ അയച്ചിട്ടുണ്ടെന്നു ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബി.എസ്.എല്‍ 3 ലബോറട്ടറികള്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.

”കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ട്. മൊബൈല്‍ പരിശോധനായൂണിറ്റും കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.ബസിനുള്ളിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. വിദഗ്ധ സംഘം കേരളത്തിലുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണ്”- മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും പൂനെ എന്‍.ഐ.വി.യുടെയും മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീര്‍ണകരമാണ്. അപകടകരമായ വൈറസായതിനാല്‍ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകള്‍ക്ക് മാത്രമേ നിപ പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആര്‍. അല്ലെങ്കില്‍ റിയല്‍ ടൈം പി.സി.ആര്‍. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്.