ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് സുരക്ഷ സേന ഏറ്റുമുട്ടല്‍; 31 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ബിജാപൂര്‍ ജില്ലയില്‍ ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകളെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ജവാന്മാര്‍ക്ക് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി ബസ്തര്‍ പൊലീസ് അറിയിച്ചു. പാര്‍ക്കിലെ ഒരു പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം സ്ഥലത്തേക്ക് നീങ്ങുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ജനുവരി 12ന് മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നിരുന്നു. ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അബുജ്മദ് വനമേഖലയോട് ചേര്‍ന്നുള്ള ദേശീയോദ്യാന പ്രദേശം മാവോയിസ്റ്റുകള്‍ക്ക് സുരക്ഷിത താവളമാണെന്നാണ് കണക്കാക്കപ്പെടുന്നത്.