ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ വൈറലായി ഒരു പരസ്യബോർഡ് പ്രണയ അഭ്യർത്ഥന. പണ്ട് മുതലേ പ്രണയം തുറന്ന് പറയാൻ എല്ലാവർക്കും മടിയാണ്. തുറന്ന് പറയുന്നവർ വളരെ വിരളവുമാണ്. ഇനി പ്രണയം തുറന്ന് പറഞ്ഞാൽ തന്നെ അത് തുറന്ന് പറയാൻ ആളുകൾ കണ്ടെത്തുന്ന രീതിയും വ്യത്യസ്തമാണ്. മൊബൈൽ ഫോണും മറ്റും ഉള്ള ഈ കാലത്ത് പിന്നെ മറ്റ് വഴികൾ കണ്ടെത്തേണ്ട കാര്യവുമില്ലാലോ. എന്നാൽ ഇക്കഴിഞ്ഞ ദിവസം ഇതിൽ നിന്നും വ്യത്യസ്തമായി ഒരു പരസ്യബോർഡ് പ്രണയാഭ്യര്‍ത്ഥന സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സംഭവം മറ്റൊന്നുമല്ല. മകരന്ദ് നഗറിലെ ഇലക്‌ട്രിസിറ്റി പവർഹൗസിനോട് ചേർന്നുള്ള തിരക്കേറിയ ജിടി റോഡിന് നടുവിൽ ഒരു വലിയ പരസ്യബോർഡ് പ്രത്യക്ഷപ്പെട്ടു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘എന്നെ വിവാഹം കഴിക്കൂ, ഐശ്വര്യ…നിങ്ങളുമായി ആദ്യ കാഴ്ചയിൽ കണ്ടുമുട്ടിയത് മുതൽ ഞാൻ നിങ്ങളുടേതാണ്. അവസാന ശ്വാസം വരെ നിങ്ങളുടെ അരികിൽ ഉണ്ടായിരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു’. ഇതാണ് ആ പ്രണയാഭ്യർത്ഥന. ഒപ്പം പ്രണയാഭ്യര്‍ത്ഥനയുടെ ഒരു ചിത്രവും പ്രണയ ചിഹ്നങ്ങളും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.
സ്വന്തം ഇഷ്ടം തുറന്ന് പറയാന്‍ പറ്റാതെ ജീവിക്കേണ്ടി വരുന്നവരുടെ നിരവധി കഥകളും സിനിമകളും ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ പൊതു നിരത്തില്‍ ഇതുപോലൊരു പ്രണയാഭ്യർത്ഥന ആദ്യമായിട്ടാണ്. ഈ പരസ്യബോർഡ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. അതേസമയം സംഭവം ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥർ പരസ്യബോർഡ് നീക്കം ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.