ജമ്മു കശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അറസ്റ്റില്‍

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി മുതല്‍ വീട്ടുതടങ്കലിലായിരുന്നു ഇവര്‍.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു പിന്നാലെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് കണക്കു കൂട്ടിയാണ് ഇവരെ തടങ്കലില്‍ വെയ്ക്കുന്നതെന്നാണ് വിവരം. ശ്രീനഗറിലെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ഇവരെ കസ്റ്റഡിയിലാക്കാന്‍ ഉത്തരവിട്ടത്. കശ്മീരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നുവെന്നും സമീപകാല പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിച്ചേക്കാമെന്നും കരുതല്‍ തടങ്കലിലെടുക്കാനുള്ള ഉത്തരവില്‍ പറയുന്നു.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ഇന്ത്യയുടെ കറുത്ത ദിനമാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മഹാദുരന്തമാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ തുറന്നടിച്ചിരുന്നു. സമാനമായ അഭിപ്രായ പ്രകടനം തന്നെയാണ് ഒമര്‍ അബ്ദുള്ളയും നടത്തിയത്. തീരുമാനം ഞെട്ടിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം

തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയത്. ഇതിന് പിന്നാലെ രാത്രിയോടെ ജമ്മു കശിമീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കുകയും ചെയ്തു.