ലോകത്തിന്റെ മികച്ച ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും; മോദിയുടെ ഫ്രാന്‍സ്-യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും തങ്ങള്‍ രണ്ടുപേരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയില്‍ വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ ഫ്രാന്‍സ്, യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിച്ചു. ഇമ്മാനുവല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യുഎസ് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് മോദി പ്രതീക്ഷ പങ്കുവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചര്‍ച്ച നടത്തും.

തുടര്‍ന്ന് മാര്‍സേയ് നഗരത്തിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഫെബ്രുവരി 10 മുതല്‍ 12വരെ ഫ്രാന്‍സില്‍ നടക്കുന്ന എഐ ആക്ഷന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനവും ഇന്ത്യക്കാണ്. ഫെബ്രുവരി 12,13 തീയതികളിലാണ് മോദി യുഎസ് സന്ദര്‍ശിക്കുക.