'നെഹ്‌റു അംബേദ്കറിനെതിരായിരുന്നു, ഇന്ദിര സംവരണം മുടക്കി, രാജീവ് ദളിതരെ അപഹസിച്ചു'; ഗാന്ധി കുടുംബത്തിനെതിരെ ആരോപണങ്ങളുമായി മോദി

രാജ്യത്തെ ഏറ്റവും വലിയ ദളിത്, ഒബിസി, ആദിവാസി വിരുദ്ധരാണ് ഗാന്ധി കുടുംബമെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബം എല്ലായ്‌പോഴും അംബേദ്കറെ എതിര്‍ത്തിട്ടുണ്ടെന്നും സംവരണത്തിനെതിരേ നിലപാടെടുത്തിട്ടുണ്ടെന്നും മോദി ആരോപിച്ചു. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും പേരെടുത്ത പറഞ്ഞായിരുന്നു മോദിയുടെ ആരോപണം.

അധികാരത്തിലെത്തിയാല്‍ ദളിതരുടെ സംവരണം അവസാനിപ്പിക്കാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമമെന്ന് പറഞ്ഞ മോദി, താൻ അധികാരത്തില്‍ ഉള്ളിടത്തോളം കാലം അംബേദ്കര്‍ സംഭാവന ചെയ്ത സംവരണത്തിന്റെ ഒരു വിഹിതംപോലും നീക്കിക്കളയാനോ അപഹരിക്കാനോ അനുവദിക്കില്ലെന്നും പറഞ്ഞു. ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ആരോപണങ്ങൾ.

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു സംവരണത്തിനെതിരായിരുന്നു. അതുസംബന്ധിച്ച് നെഹ്‌റു സംസ്ഥാന സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. സംവരണാടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതെങ്കില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണമേന്മ കുറയുമെന്ന് നെഹ്‌റു പറഞ്ഞിരുന്നതായും’- മോദി അവകാശപ്പെട്ടു.

‘നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഒബിസി സംവരണം മുടങ്ങിയത്. രാജീവ് ഗാന്ധിയും സംവരണത്തിനെതിരായിരുന്നു. സംവരണാടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നവരെ ‘ബുദ്ധു’ എന്നാണ് രാജീവ് ഒരഭിമുഖത്തില്‍ അഭിസംബോധന ചെയ്തത്. അത് പട്ടികജാതി-പട്ടികവര്‍ഗ, ഒബിസിക്കാരോട് നടത്തിയ വലിയ അവഗണനയാണ്. ഗാന്ധി കുടുംബത്തില്‍നിന്ന് ഇപ്പോഴും ആ അവഗണന തുടരുന്നു’ – മോദി പറഞ്ഞു. വിപി സിങ് സര്‍ക്കാരിന്റെ കാലത്ത് ബിജെപിയുടെ പിന്തുണയോടെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയെന്നും മോദി ചൂണ്ടിക്കാട്ടി.