ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തെ തുടർന്ന് നവജാത ശിശുവും പിന്നാലെ ഡോക്ടറായ അമ്മയും മരിച്ചു. ഉടുമ്പൻചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫിസറും പാറത്തോട് ഗുണമണി വീട്ടിൽ ഡോ. വീരകിഷോറിന്റെ ഭാര്യയുമായ ഡോ. വിജയലക്ഷ്മിയും (29) നവജാത ശിശുവുമാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്വാഭാവിക പ്രസവം നടക്കാത്തതിനെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഓപ്പറേഷൻ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രാത്രി ഒൻപത് മണിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിജയലക്ഷ്മിയെ തേനി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. യാത്രാമദ്ധ്യേ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
Read more
ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഉടുമ്പൻചോല ആശുപത്രിയിൽ ഡോക്ടറായി തുടരുമ്പോൾ പഠനത്തിനായി ലീവെടുക്കുകയും പാറത്തോട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയുമായിരുന്നു ഡോ. വിജയലക്ഷ്മി.