ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. അപകടകരമായി ഇരുചക്ര വാഹനങ്ങള്‍ ഓടിച്ച് അതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് തമിഴ്‌നാട് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിച്ച് അപകടകരമായി വാഹനം ഓടിക്കുന്നവരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കി കഴിഞ്ഞു.
പട്ടികയില്‍ ഇടം നേടിയ 92 പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ എഡിജിപി ശിപാര്‍ശ ചെയ്തു. അടുത്തിടെ ഇത്തരത്തില്‍ അപകടകരമായി വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്തിരുന്നു. വൈകുണ്ഠവാസന്‍ എന്ന വ്‌ളോഗര്‍ ടിടിഎഫ് വാസനാണ് അപകടകരമായി വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ചത്. ബംഗളൂരു – ചെന്നൈ ദേശീയപാതയിലാണ് വാസന്‍ അപകടം സൃഷ്ടിച്ചത്.
ട്വിന്‍ ത്രോട്ട്‌ലേഴ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോ വ്‌ളോഗറാണ് ഇയാള്‍. അപകടത്തില്‍ പരിക്കേറ്റ വാസനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പ്രതി കുറച്ചുകാലം ജയിലില്‍ കിടക്കട്ടെ എന്നായിരുന്നു കോടതി പറഞ്ഞത്.
Read more
വാസന്റെ ഡ്രൈവിംഗ് ലൈസന്‍സ് 10 വര്‍ഷത്തേക്ക് തമിഴ്നാട് ഗതാഗത വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ 6ന് ആയിരുന്നു ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ ഓഫീസ് ഉത്തരവിട്ടത്. വാസന്റെ അപകടകരമായ ഡ്രൈവിംഗിനും അഭ്യാസ പ്രകടനങ്ങള്‍ക്കും യൂട്യൂബില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതേ സമയം ഇത്തരം വീഡിയോകള്‍ കാണുന്നവരില്‍ കൂടുതലും 18 വയസിന് താഴെയുള്ളവരാണെന്നത് പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്.