'പരസ്യ'മായി അപമാനിക്കാന്‍ ശ്രമം; അമ്മാതിരി പരിപാടികള്‍ വേണ്ട; ഫെവിക്കോളിന്റെ പരസ്യ ബോര്‍ഡിനെതിരെ റെയില്‍വേ; പരാതിയില്‍ പരസ്യബോള്‍ഡുകള്‍ പൊളിച്ച് മാറ്റി

ഫെവിക്കോളിന്റെ പരസ്യ ബോര്‍ഡിനെതിരെ പരാതിയുമായി ഇന്ത്യന്‍ റെയില്‍വേ. ഒടുവില്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തു. ലോക്കല്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ തൂങ്ങിക്കിടന്ന് യാത്രചെയ്യുന്നതിന്റെ ചിത്രവുമായിട്ടുള്ള പരസ്യബോര്‍ഡുകളാണ് പശ്ചിമറെയില്‍വേയുടെ പരാതിയില്‍ നീക്കിയത്.

മുംബൈയിലെ ബാന്ദ്രയിലായിരുന്നു ഈ പരസ്യബോര്‍ഡ് ഉയര്‍ന്നുനിന്നിരുന്നത്. മുംബൈയില്‍ ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസുകളില്‍ സമീപകാലത്തെ പുരോഗതി ഉണ്ടായിരുന്നിട്ടും പഴയ ഇമേജറി ഉപയോഗിച്ചാണ് പരസ്യം നിര്‍മിച്ചിരിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി. ഇതു റെയില്‍വേയെ അപമാനിക്കുന്നതിന് തുല്യമാണ്. പത്തു വര്‍ഷത്തിനിടയില്‍ മുംബൈ സബര്‍ബന്‍ റെയില്‍വേ ശൃംഖലയില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തിച്ചിട്ടുണ്ട്.

പുതിയനിലവാരത്തിലുള്ള റേക്കുകള്‍, ഡിസിയില്‍നിന്ന് എസി പവര്‍ സിസ്റ്റത്തിലേക്കുള്ള മാറ്റം, എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി റെയില്‍വേ വ്യക്തമാക്കി.

Read more

ഫെവിക്കോളിന്റെ പരസ്യബോര്‍ഡില്‍ സാമൂഹികമാധ്യമങ്ങളില്‍ റെയില്‍വേയ്ക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതോടെയാണ് റെയില്‍വേ നടപടി കടുപ്പിച്ചത്. റെയില്‍വേയുടെ പരാതിയെത്തുടര്‍ന്ന് ഫെവിക്കോള്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഇന്നലെ വൈകിട്ടോടെ ബോര്‍ഡുകള്‍ നീക്കംചെയ്തു.