ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തില്‍; വോട്ട് രേഖപ്പെടുത്തി നരേന്ദ്ര മോദി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഗുജറാത്തിന്റെ മധ്യ, വടക്കന്‍ മേഖലകളിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ 833 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. ഇതില്‍ സ്വതന്ത്രര്‍ 359 പേരാണ്. മുഖ്യമന്ത്രി ഭൂപോന്ദ്ര പട്ടേല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാന്‍ പബ്ലിക് സ്‌കൂളില്‍ എത്തി വോട്ടു രേഖപ്പെടുത്തി.

ഈ മാസം എട്ടിനാണ് വോട്ടെണ്ണല്‍. വൈകിട്ട് 5.30 മുതല്‍ ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിനു 92 സീറ്റാണു വേണ്ടത്. 2017ല്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റുമാണു നേടിയത്.

അഹമ്മദാബാദ് നഗരത്തിലെ ബാപ്പുനഗര്‍ മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനര്‍ഥികളുള്ളത്, 29. സബര്‍കാന്ത ജില്ലയിലെ ഇദാര്‍ സീറ്റില്‍ മൂന്ന് മത്സരാര്‍ത്ഥികള്‍ മാത്രമാണുള്ളത്.

Read more

വോട്ടര്‍മാര്‍ ഏറ്റവുമധികമുള്ളത് ബാപ്പുമനഗറിലും കുറവ് ഘട്ലോഡിയയിലുമാണ്. രണ്ടാം ഘട്ട സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍, അഹമ്മദാബാദ് നഗരത്തിലെ ദരിയാപൂര്‍ ഏറ്റവും ചെറിയ സീറ്റാണ്, അതേസമയം പടാന്‍ ജില്ലയിലെ രാധന്‍പൂര്‍ ഏറ്റവും വലിയ മണ്ഡലമാണ്.