'പ്രജ്ഞ സിങ്ങ് ഠാക്കൂറിന് താനൊരിക്കലും മാപ്പു നല്‍കില്ല'; ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവിനെ തള്ളി മോദി

ഗോഡ്‌സെ അനുകൂലപരാമര്‍ശത്തില്‍ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങ് ഠാക്കൂറിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മഗാന്ധിയെ അപമാനിച്ചതിന് ഠാക്കൂറിന് മാപ്പ് നല്‍കാന്‍ തനിക്കൊരിക്കലും സാധിക്കില്ലെന്ന് നരേന്ദ്രമോദി പറഞ്ഞു.

“അവരെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രജ്ഞാ സിങ്ങ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല”- മോദി പറഞ്ഞു.

ഗോഡ്സെ രാജ്യസ്നേഹിയാണെന്നായിരുന്നു പ്രജ്ഞ സിങ്ങ് ഠാക്കൂറിന്റെ പ്രസ്താവന. പ്രജ്ഞ സിങ്ങ് വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പി, എം.പി നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവന. ഗോഡ്സെയേക്കാള്‍ ക്രൂരനാണ് രാജീവ് ഗാന്ധിയെന്നായിരുന്നു നളീന്‍കുമാര്‍ പറഞ്ഞത്.

ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ച ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്സെയാണ് ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി എന്ന കമല്‍ഹാസന്റെ പ്രസ്താവനയായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ബിജെപി നേതാക്കള്‍ എത്തിയത്.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ പ്രജ്ഞയെ തള്ളി രംഗത്തെത്തിയിരുന്നു. ഈ വേളയിലെല്ലാം പ്രധാനമന്ത്രി മൗനം പാലിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നേരത്തെ, ഗോഡ്സെയെ വാഴ്ത്തി കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ബി.ജെ.പിയുടെ അഭിപ്രായമല്ലെന്നും അത് നേതാക്കന്മാരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. അനന്ത് കുമാര്‍ ഹെഗ്ഡേ, പ്രജ്ഞ സിങ്ങ് ഠാക്കൂര്‍, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരോട് പാര്‍ട്ടി അച്ചടക്ക കമ്മിറ്റി വിശദീകരണം തേടിയതായും 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.