നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മാതാവ് സോണിയ ഗാന്ധിക്കും എതിരെ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യു കോടതിയിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ സാം പിത്രോഡയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 25ന് കേസ് കോടതി പരിഗണിക്കും.
നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണ്ണൽസിൻ്റെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇ ഡി കേസെടുത്തത്.
നാഷണൽ ഹെറാൾഡ് ദിനപത്രത്തിൻ്റെ നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 90 കോടി രൂപ പലിശയില്ലാ വായ്പ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാതെ വന്നപ്പോൾ 2010 ൽ അഞ്ചു ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യൻ എന്ന കമ്പനി 5000 കോടിയുടെ സ്വത്തുള്ല അസോസിയേറ്റഡ് ജേണൽസ് കമ്പനിയെ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
Read more
സോണിയ, രാഹുൽ, മല്ലികാർജുൻ ഖാർഗെ, സാം പിട്രോഡ തുടങ്ങിയവരാണ് യങ് ഇന്ത്യൻ കമ്പനിയുടെ ഡയറക്ടർമാർ. സുബ്രഹ്‌മണ്യൻ സ്വാമിയാണ് കേസ് കൊടുത്തത്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ സുബ്രഹ്‌മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ നൽകിയ കേസ്.സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കൂട്ടാളികളും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ല എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്‌മണ്യം സ്വാമി ആരോപിക്കുന്നത്.