നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ 751 കോടി രൂപയുടെ സ്വത്ത് നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു. അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസിൽ വിചാരണ നടപടികൾ ആരംഭിക്കും.

കേസുമായി ബന്ധപ്പെട്ട് 2022 ജൂണിൽ നാലു തവണയായി നാൽപ്പത് മണിക്കൂറോളം രാഹുൽ ഗാന്ധിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. 2022 ജൂലൈയിൽ സോണിയാ ഗാന്ധിയെ 11 മണിക്കൂറും ചോദ്യം ചെയ്തു. കോൺഗ്രസ് ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കു നടുവിലാണ് ഇരുവരെയും ചോദ്യം ചെയ്തത്.

നാഷണൽ ഹെറാൾഡ് പത്രം നടത്തുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) കമ്പനിയിലെ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ചാണ് കേസ്. ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും എജെഎല്ലും തമ്മിലുള്ള ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇഡി പറയുന്നത്.

2008ൽ നാഷണൽ എജെഎൽ കോൺഗ്രസിൽ നിന്ന് 90.25 കോടി രൂപയുടെ പലിശ രഹിത വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടച്ചില്ല. ഇതിന്റെ പേരിൽ അയ്യായിരം കോടി രൂപ മൂല്യമുള്ള എജെഎല്ലിന്റെ ആസ്തികൾ യങ് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു എന്നാണ് പരാതി. 76 ശതമാനം ഓഹരിയാണ് യങ് ഇന്ത്യയിൽ സോണിയയ്ക്കും രാഹുലിനുമുള്ളത്.

ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് സോണിയയ്ക്കും രാഹുലിനുമെതിരെ പരാതി നൽകിയിട്ടുള്ളത്. 2013ലാണ് സ്വാമി അന്വേഷണം ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ് (ഇരുവരും അന്തരിച്ചു), മാധ്യമപ്രവർത്തകൻ സുമൻ ദുബെ, സാങ്കേതിക വിദഗ്ധൻ സാം പ്രിത്രോഡ എന്നിവരും കേസിൽ പ്രതികളാണ്.