മാംസാഹാരം കൊണ്ടുവന്നതിന് നഴ്‌സറി വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍

മാംസാഹാരം കൊണ്ടുവന്നതിന് നഴ്‌സറി വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. ഉത്തര്‍പ്രദേശിലെ അംരോഹയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.

ജില്ലാ മജിസ്‌ട്രേറ്റിനോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥി മാംസാഹാരം കൊണ്ടുവന്നതിന്റെ പേരില്‍ പ്രിന്‍സിപ്പലും കുട്ടിയുടെ രക്ഷിതാക്കളും തമ്മില്‍ നടന്ന തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അവിനാഷ് കുമാര്‍ ശര്‍മയോട് ജില്ലാ ശിശുക്ഷേമ സമിതിക്ക് മുന്‍പാകെ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. മാംസാഹാരം കൊണ്ടുവന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തന്റെ മൂന്ന് മക്കള്‍ സ്‌കൂളില്‍ പോകാന്‍ ഭയപ്പെടുന്നതായി കുട്ടികളുടെ അമ്മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

മുംസ്ലീം വിഭാഗത്തില്‍ നിന്ന് വരുന്ന ആണ്‍കുട്ടി സ്‌കൂളില്‍ മതപരമായ കാര്യങ്ങള്‍ പറയുന്നതായും ദിവസവും മാംസാഹാരം കൊണ്ടുവരുന്നതുമായാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആരോപിച്ചത്. 10 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റിനോട് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.