"സ്ത്രീയുടെ അന്തസ്സിൽ വിട്ടുവീഴ്ചയില്ല"; ഭാര്യയെ അടിച്ചതിന് ബി.ജെ.പി നേതാവിനെ പുറത്താക്കിയ സംഭവത്തിൽ മനോജ് തിവാരി

സ്ത്രീയുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി. പാർട്ടി നേതാവ് ഭാര്യയെ പരസ്യമായി ആക്രമിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തണമെന്നും തിവാരി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് ആസാദ് സിംഗിനെ പാർട്ടിയുടെ മെഹ്‌റോളി ജില്ലാ മേധാവി സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തു.

മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറുമായി വ്യാഴാഴ്ച നടന്ന വോട്ടെടുപ്പ് തയ്യാറെടുപ്പ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഡൽഹി മുൻ മേയറായിരുന്ന നേതാവ് ഭാര്യയെ ഡൽഹി ഓഫീസിൽ വെച്ച് മർദ്ദിച്ചത്. ഒരു സ്ത്രീയുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ഞങ്ങൾ ഒരു അന്വേഷണ സമിതി രൂപീകരിച്ച് വ്യക്തിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ടെന്നും തിവാരി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസുകളൊന്നുമില്ല.

ഈ സംഭവത്തിൽ ഉൾപ്പെട്ട ആരിൽ നിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി വന്നാൽ ഉചിതമായ നടപടി സ്വീകരിക്കും, ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാഹമോചനത്തിന് സിംഗ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ഡൽഹി ബിജെപിയുടെ ചുമതലയുള്ള ജാവദേക്കർ വിളിച്ച യോഗത്തിന് ശേഷമാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടാൻ തുടങ്ങിയതെന്ന് മുതിർന്ന നേതാവ് പറഞ്ഞു.

Read more

മറ്റൊരു ബി.ജെ.പി നേതാവ് വികാസ് തൻവാർ ആസാദ് സിംഗിന് പകരം മെഹ്‌റോളി ജില്ലയുടെ വർക്കിംഗ് പ്രസിഡന്റായി സ്ഥാനമേറ്റു. അതേസമയം ഭാര്യയാണ് വഴക്ക് തുടങ്ങിയതെന്ന് ആസാദ് സിംഗ് ആരോപിച്ചു. “അവൾ ആദ്യം എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു, അതിനാൽ ഞാൻ അവളെ ആത്മരക്ഷയ്ക്കായി തള്ളുകയായിരുന്നു,” ആസാദ് സിംഗ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.