സിബിഐക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരം. തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്. ജനപ്രതിനിധി ആണെന്ന പരിഗണനപോലും ലഭിക്കുന്നില്ല. സിബിഐ നടത്തിയ റെയ്ഡില്‍ പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി രേഖകളും, ഐ.ടി സ്റ്റാന്റിങ് കമ്മിറ്റിയില്‍ ഉന്നയിക്കാന്‍ സൂക്ഷിച്ച രേഖകളും പിടിച്ചെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക്് അവകാശ ലംഘനത്തിന് പരാതി നല്‍കി.
ജനാധിപത്യമൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിത്. എം പി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തിലാണ് സിബിഐ നടപടികളെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്നെ സിബിഐ വേട്ടയാടുകയാണെന്നും പരാതിയില്‍ പറയുന്നു. ചൈനീസ് കോഴ കേസില്‍ പങ്കില്ലെന്നും സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചാണ് വിസ അനുവദിച്ചതെന്നും അദ്ദേഹം പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Read more
അതേസമയം ചൈനീസ് വിസ കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി കാര്‍ത്തി ചിദംബരം സിബിഐ ആസ്ഥാനത്തെത്തി. ചൈനീസ് വിസ കൈക്കൂലിക്കേസിലാണ് കാര്‍ത്തി ചിദംബരത്തിനെ ചോദ്യം ചെയ്യുന്നത്. 2011ല്‍ ചൈനീസ് പൗരന്‍മാര്‍ക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചുനല്‍കി എന്നാണ് കേസ്. പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് സംഭവമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ആറ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.