യെമനിലെ ഹൂതികള്‍ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി തയ്യാറാക്കിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനും. അറ്റ്‌ലാന്‍റിക് മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ജഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെയാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഗോള്‍ഡ്‌ബെര്‍ഗ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സൈനിക നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ താന്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മാധ്യമ പ്രവർത്തകൻ വ്യക്തമാക്കിയത്.
അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മറ്റ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ ഗ്രൂപ്പിലായിരുന്നു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെട്ടത്. ‘മാര്‍ച്ച് 15ന് ഹൂതിയെ ലക്ഷ്യം വെച്ച് യെമനില്‍ അമേരിക്ക ആക്രമണം നടത്തി. എന്നാല്‍ ആദ്യത്തെ ബോംബാക്രമണം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്നേ തന്നെ ആക്രമണം നടക്കാന്‍ പോകുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് യുദ്ധത്തിന്റെ പദ്ധതിയെക്കുറിച്ച് എനിക്ക് സന്ദേശം അയച്ചു എന്ന് ജഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ പറഞ്ഞു.
സിഗ്നല്‍ എന്ന മെസേജിങ് ആപ്പില്‍ മിഖായേല്‍ വാല്‍ട്‌സ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നുമാണ് തനിക്ക് ഗ്രൂപ്പിലേക്കുള്ള മെസേജിങ് റിക്വസ്റ്റ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ മിഖായേല്‍ വാള്‍ട്‌സാണ് അതെന്ന് താന്‍ സംശയിച്ചെന്നും ഗോള്‍ഡ്‌ബെര്‍ഗ് പറയുന്നു. ഇത് പോലൊരു സുരക്ഷാ ലംഘനം താന്‍ കണ്ടിട്ടില്ലെന്നും ഗോള്‍ഡ്ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സുരക്ഷാ വീഴ്ചയെ കുറിച്ച് വൈറ്റ് ഹൗസിനെ അദ്ദേഹം തന്നെ അറിയിക്കുകയും ഗ്രൂപ്പില്‍ നിന്ന് ഒഴിവാകുകയുമായിരുന്നു.
മാര്‍ച്ച് 11നാണ് ഗോള്‍ഡ്ബര്‍ഗിന് വാള്‍ട്‌സിന്റെ സന്ദേശം ലഭിക്കുന്നത്. വാള്‍ട്‌സിന്റെ പേരില്‍ മറ്റാരെങ്കിലും തന്നെ വലയിലാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആദ്യം തോന്നിയതെന്നും ഗോള്‍ഡ്ബര്‍ഗ് പറയുന്നു. ‘ശരിക്കുമുള്ള ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന പ്രതീക്ഷയില്‍ ഞാന്‍ റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്തു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ‘ഹൂതി പിസി സ്‌മോള്‍ ഗ്രൂപ്പ്’ എന്ന പേരിലുള്ള ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലായി എന്ന് ജഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ പറയുന്നു.
യെമനിലെ ഹൂതികളുടെ കേന്ദ്രമായ സനയിലുള്‍പ്പെടെ ആക്രമണം നടത്താന്‍ അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഈ ഗ്രൂപ്പ് യഥാര്‍ത്ഥ ഗ്രൂപ്പാണോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുള്ള ഗ്രൂപ്പില്‍ അറ്റ്‌ലാന്‍റിക്കിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫിനെ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേശകന്‍ അശ്രദ്ധമായി ഉള്‍പ്പെടുത്തിയതും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ജഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ ലേഖനത്തില്‍ കുറിച്ചു.