കുടിവെള്ള ടാങ്കില്‍ നോട്ടുകെട്ടുകള്‍; മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ നിന്ന 8 കോടി രൂപ പിടിച്ചെടുത്തു

മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കുടിവെള്ള ടാങ്കില്‍ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത് ആദായനികുതി വകുപ്പ്. ശങ്കര്‍ റായ് എന്ന ബിസിനസുകാരന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച റെയ്ഡ് 39 മണിക്കൂര്‍ നീണ്ടു നിന്നു.

വീടിന്റെ തറയില്‍ മണ്ണിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കില്‍ ഒരു ബാഗില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് പണം കണ്ടെത്തിയത്. ടാങ്കില്‍ നിന്നും പണം പുറത്തെടുത്ത് ഉദ്യോഗസ്ഥര്‍ അത് ഉണക്കി എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പണത്തിന് പുറമെ അഞ്ച് കോടിയോളം രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തതായി ജോയിന്റ് കമ്മീഷണര്‍ മുന്‍മുന്‍ ശര്‍മ്മ പറഞ്ഞു.

ജബല്‍പൂരിലെ ആദായ നികുതി വകുപ്പാണ് നികുതി റെയ്ഡിന് നേതൃത്വം നല്‍കിയത്. ശങ്കര്‍ റായിക്കും കുടുംബത്തിനും ബന്ധമുള്ള 10 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ജീവനക്കാരുടെ പേരില്‍ നിരവധി സ്ഥാപനങ്ങള്‍ ഇയാള്‍ക്ക് ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ശങ്കര്‍ റായിയുടെ മധ്യപ്രദേശിലോ അല്ലെങ്കില്‍ മറ്റ് എവിടെയെങ്കിലുമോ ഉള്ള അനധികൃത സ്വത്ത് വിവരങ്ങളെ കുറിച്ച് അറിയിക്കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം നല്‍കുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുപ്പമുള്ള ബിസിനസുകാരനാണ് ശങ്കര്‍ റായ്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഇയാള്‍ നേരത്തെ ദാമോ നഗര്‍ പാലിക് അധ്യക്ഷ സ്ഥാനത്ത് എത്തിയിരുന്നു. ഇയാളുടെ സഹോദരനായ കമല്‍ റായി ബി.ജെ.പിയുടെ പിന്തുണയോടെ ദമോഹ് നഗര്‍ പാലിക വൈസ് ചെയര്‍മാനായും ആയിട്ടുണ്ട്.