പ്രവാചകന് എതിരായ പരാമര്‍ശത്തില്‍ നിരന്തരം വധഭീഷണി; നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വെയ്ക്കാന്‍ അനുമതി

ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കി പൊലീസ്. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസന്‍സ് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഡല്‍ഹി പൊലീസ് തോക്ക് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയത്.

നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നൂപുര്‍ ശര്‍മയെ പിന്തുണച്ച മരുന്നുകട ഉടമ ഉമേഷ് കോല്‍ഹെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മയ്ക്ക് പിന്തുണ അറിയിച്ച രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ വെട്ടേറ്റു മരിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ സ്വയം രക്ഷക്കായി ആയുധം കൈവശം വെയ്ക്കാന്‍ അനുമതി തേടിയത്.

നേരത്തെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിന് നൂപുര്‍ ശര്‍മക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റി.