ബിഹാറില്‍ ഒരു പഞ്ചവടി പാലം കൂടി തകര്‍ന്നു; 15 ദിവസത്തിനുള്ളില്‍ തകര്‍ന്നത് ഏഴാമത്തെ പാലം

ബിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന ഏഴാമത്തെ പാലവും തകര്‍ന്നുവീണു. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നുവീണത്. സിവാന്‍ ജില്ലയില്‍ കഴിഞ്ഞ 11 ദിവസങ്ങള്‍ക്കുള്ളില്‍ തകരുന്ന രണ്ടാമത്തെ പാലവും സംസ്ഥാനത്ത് 15 ദിവസത്തിനുള്ളില്‍ തകരുന്ന ഏഴാമത്തെ പാലവുമാണിത്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പാലം തകര്‍ന്നുവീണത്. അപകടത്തില്‍ ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1982-83 കാലഘട്ടത്തില്‍ നിര്‍മ്മിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുവരുകയായിരുന്നു. സംസ്ഥാനത്ത് തകര്‍ന്ന പാലങ്ങളില്‍ ഏറെയും സംസ്ഥാന റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചതാണ്.

ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതില്‍ നിതീഷ് കുമാര്‍ സഖ്യത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം പാലം തകര്‍ന്നതിന്റെ കാരണം അന്വേഷിക്കുന്നതായി ഡവലപ്‌മെന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസത്തിനിടെ തകര്‍ന്ന ഏഴ് പാലങ്ങള്‍ ഉള്‍പ്പെടെ ഇതുവരെയുള്ള എല്ലാ പാലങ്ങളുടെയും തകര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്.

പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടെ നിര്‍മ്മാണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ 22ന് ആയിരുന്നു സിവാന്‍ ജില്ലയില്‍ ആദ്യ പാലം തകര്‍ന്നത്.