'മോദി ജീവനോടെയുള്ള കാലത്തോളം അത്തരത്തില്‍ എന്തെങ്കിലും പാപം ചെയ്യും മുമ്പേ അവര്‍ക്ക് മോദിയെ നേരിടേണ്ടി വരും'; സിനിമ സ്‌റ്റൈല്‍ ഡയലോഗുമായി ആഗ്രയില്‍ പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ വീണ്ടും സ്വത്ത് പുനര്‍വിതരണ ആക്ഷേപവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു തിരഞ്ഞെടുപ്പ് റാലികളില്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിനൊപ്പം വിദ്വേഷ പ്രസംഗവും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുകയാണ്. രാജ്യത്താദ്യമായി ഒരു പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാനല്‍ ഇതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുന്നതിനിടയിലാണ് വീണ്ടും സ്വത്ത് പിടിച്ചെടുക്കല്‍ ആരോപണം നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഉയര്‍ത്തിയത്.

നിങ്ങള്‍ നിങ്ങളുടെ സ്വത്ത് അഴിമതിക്കാരായ കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് കൊടുക്കുമോയെന്ന ചോദ്യത്തോടെയാണ് സിനിമ സ്‌റ്റൈല്‍ ഡയലോഗിലേക്ക് പ്രധാനമന്ത്രി കടന്നത്. പട്ടിക വര്‍ഗ- പട്ടിക ജാതി, ഒബിസി അവകാശങ്ങള്‍ അപഹരിച്ചതിന് ശേഷം സ്ത്രീകളുടെ കെട്ടുതാലിയിലാണ് അവരുടെ കണ്ണെന്നാണ് മോദി പറഞ്ഞത്. അതിന് ശേഷം സിനിമ സ്റ്റൈലില്‍ താന്‍ ജീവനോടെ ഉള്ളിടത്തോളം അവരെ കൊണ്ട് അങ്ങനെയൊന്നും ചെയ്യിക്കില്ലെന്ന ഡയലോഗ്.

മോദി ജീവനോടെയുള്ള കാലത്തോളം അത്തരത്തില്‍ എന്തെങ്കിലും പാപം ചെയ്യും മുമ്പേ അവര്‍ക്ക് മോദിയെ നേരിടേണ്ടി വരും

രാജ്യദ്രോഹ മനസുള്ള നേതാക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കാന്‍ വോട്ടര്‍മാരോട് മോദി ആഹ്വാനം ചെയ്യുകയും ചെയ്തു. ബാബാ സാഹബ് അംബേദ്കറുടെ ഭരണഘടനയെ ദിവസവും കോണ്‍ഗ്രസ് മതാടിസ്ഥാനത്തിലുള്ള സംവരണത്തെ കുറിച്ച് പറഞ്ഞു അപമാനിക്കുകയാണെന്നും ആഗ്രയില്‍ മോദി പറഞ്ഞു. ഇന്ന് ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാന്‍ വന്നതാണെന്നും വികസിത് ഭാരതിന് നിങ്ങളുടെ അനുഗ്രഹം തേടുന്നുവെന്നും മോദി പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ‘(ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍) ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’ എന്ന് ആവേശത്തോടെ പറയുകയാണെന്ന് പറയാനും മോദി മടിച്ചില്ല.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പല സംസ്ഥാനങ്ങളിലും താന്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തിയെന്നും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ചുവെന്നും ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന ഒരേയൊരു ശബ്ദം മാത്രമേ ഉയരുന്നുള്ളൂ എന്നും മോദി പറയുന്നു.

Read more