തമിഴ്‌നാട്ടില്‍ സിപിഎമ്മിനെ നയിക്കാന്‍ വാച്ചാത്തി സമരനായകന്‍; പി ഷണ്‍മുഖം സംസ്ഥാന സെക്രട്ടറി

സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി പി ഷണ്‍മുഖത്തെ തിരഞ്ഞെടുത്തു. വില്ലുപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് പി ഷണ്‍മുഖത്തെ തിരഞ്ഞെടുത്ത്. സമ്മേളനത്തില്‍ 81 അംഗ സംസ്ഥാന കമ്മിറ്റിയെയും 15 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തിരഞ്ഞെടുത്തു.

തിരുച്ചി ലാല്‍ഗുഡി പെരുവളാനല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം 1979ല്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2020 മുതല്‍ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റാണ്. 1992ല്‍ തമിഴ്നാട് ട്രൈബല്‍ അസോസിയേഷന്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്നു.

ഇതേവര്‍ഷം ധര്‍മ്മപുരി വാച്ചാത്തി ഗ്രാമത്തിലെ 18 പെണ്‍കുട്ടികളെയും സ്ത്രീകളെയും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത വിവരമറിഞ്ഞ് പുറത്തുനിന്ന് ആദ്യമെത്തിയ വ്യക്തിയും രാഷ്ട്രീയ നേതാവുമാണ് ഷണ്‍മുഖം. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2006ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച ശേഷമാണ് വനാവകാശ നിയമം പാസ്സായത്.