പാകിസ്താനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനു കുടുംബത്തെ കാണാന്‍ അനുമതി നല്‍കിയത് പാകിസ്താന്റെ നാടകമെന്ന് പാക് ജയിലില്‍ മരിച്ച സരബ്ജിത്ത് സിങ്ങിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍.ഒരു ഗ്ലാസ് സ്ക്രീനിന് ഇരുവശത്തും നിന്നുള്ള ആ കൂടിക്കാഴ്ച പാക് അധികൃതരുടെ ക്രൂരമായ തമാശയാണെന്നും അവര്‍ ആരോപിച്ചു.
ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന് തടവിലാക്കിയ കുല്ഭൂഷണ് ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും പാകിസ്താന് അനുമതി നല്‍കിയിരുന്നു. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. അതിന് ശേഷം ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. ഈ ചിത്രങ്ങല്‍ കണ്ട ശേഷമാണ് പാക് നടപടിയെ കൗര്‍ വിമര്‍ശിച്ചത്.
“കൂടിക്കാഴ്ചയില്‍ ഒരു മാനവികതയും ഇല്ല. ഉറ്റവരെ ഗ്ലാസ് മറയില്‍ വേര്‍തിരിച്ച്, അതീവ സുരക്ഷയിലുള്ള ഈ കൂടിക്കാഴ്ചയ്ക്ക് ഒരു അര്‍ത്ഥവുമില്ല. കുല്‍ഭൂഷനോട് സ്വതന്ത്രമായി സംസാരിക്കാനും ഒന്ന് കെട്ടിപ്പിടിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തിന് ആഗ്രഹമുണ്ടായിരിക്കും. എന്നാല്‍ അതൊന്നും നടന്നില്ല. പിന്നെ എന്ത് സാന്ത്വനമാണ് ഈ കൂടിക്കാഴ്ചയില്‍ അവര്‍ക്ക് ലഭിച്ചതെന്നും കൗര്‍ ചോദിച്ചു.
“പാകിസ്താന് മനുഷ്യത്വം ഇല്ലാത്തവരാണ്. അവര്‍ നമ്മുടെ ജനങ്ങളെയും കുല്‍ഭൂഷന്റെ കുടുംബത്തെയും വച്ച് ക്രൂരമായ തമാശ കളിക്കുകയാണ്. അവര്‍ കൂടിക്കാഴ്ചയുടെ ഒരു നാടകം ഒരുക്കി. അതൊരു നാടകമായി മാത്രമേ കാണാന്‍ കഴിയൂ.” നാല് വര്‍ഷം മുന്‍പ് തന്റെ സഹോദരനെ പാകിസ്താനില്‍ വെച്ച് നഷ്ടപ്പെട്ടു. കുല്‍ഭൂഷന്റെ കുടുംബം ഈ സമയത്ത് കടന്നുപോകുന്ന മാനസികാവസ്ഥ തനിക്കറിയാം” കൗര്‍ പി.ടി.ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Read more
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുല്ഭൂഷണ് ജാദവ് പാക് കസ്റ്റഡിയിലാകുന്നത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് ജാദവ് എന്നാണ് പാക് ആരോപണം. ജാദവിന് സൈനിക കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇത് സ്റ്റേ ചെയ്തു. ഇന്നലെ നടന്ന കൂടിക്കാഴ്ച നയതന്ത്ര ഇടപെടലിന്റെ ഫലമല്ലെന്നും മാനുഷിക പരിഗണ്ന മാത്രമാണെന്നുമായിരുന്നു പാക് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ അവരുടെ ക്രൂരമായ തമാശയാണിതെന്നായിരുന്നു കൗറിന്റെ വിമര്‍ശനം. 2013 ല്‍ ലാഹോര്‍ ജയിലില്‍ വെച്ചായിരുന്നു ദല്‍ബീര്‍ കൗറിന്റെ സഹോദരന് മരണപ്പെട്ടത്.