ദളിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ ​ഗർഭം അലസിപ്പിച്ചു; മാതാപിതാക്കൾ അറസ്റ്റിൽ

തമിഴ്നാട്ടിൽ ദളിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ ​ഗർഭം അലസിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ. തമിഴ്നാട് സേലത്തിനടുത്തുള്ള അത്തൂരിലാണ് സംഭവം. പെൺകുട്ടിയുടെ ഭർത്താവ് രാമാനാഥപുരം സ്വദേശി ഗണേശന്‍ കഴിഞ്ഞ വ്യാഴാഴ്ച സേലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഭാര്യയുടെ നാലുമാസം പ്രായമായ ഗര്‍ഭം ഭാര്യപിതാവും മാതാവും ചേര്‍ന്ന് അലസിപ്പിച്ചെന്നായിരുന്നു പരാതി. കൂടാതെ വീട്ടുതടങ്കലിലാക്കിയതിനാല്‍ ഭാര്യയെ കാണാന്‍ കഴിയുന്നില്ലെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തൂര്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ജാതിവെറിയാണ് ക്രൂരതയ്ക് പിന്നില്ലെന്ന് വ്യക്തമായത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് 19കാരിയായ അത്തൂർ സ്വദേശിനിയെ ​ഗണേശൻ വിവാഹം കഴിക്കുന്നത്. ഭാര്യവീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. അതിനിടെ പെൺകുട്ടി ​ഗർഭിണിയായി. കഴിഞ്ഞ 21ന് മാതാവിന് സുഖമില്ലെന്നറിയിച്ച് യുവതിക്ക് വീട്ടുകാരുടെ ഫോണ്‍ കോള്‍ വന്നു. ഇതനസുരിച്ചു വീട്ടിലെത്തിയ യുവതിയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കുകയും നിർബന്ധിച്ച് ​ഗർഭം അലസിപ്പിക്കുകയുമായിരുന്നു. ആയുര്‍വേദ മരുന്ന് നല്‍കിയാണ് ​ഗർഭം അലസിപ്പിച്ചത്.

Read more

പട്ടികജാതിക്കാരനായ ഗണേശനെ മരുമകനായി അംഗീകരിക്കില്ലെന്നാണ് മാതാപിതാക്കളായ സുബ്രമണിയുടെയും, ഗോമതിയുടെയും നിലപാട്. മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കിയ പൊലീസ് മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.