കുട്ടികളും മുതിര്‍ന്ന പൗരന്മാരും പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ 10 ശതമാനം ഇളവ്

കുട്ടികളും മുതിര്‍ന്ന പൗരന്മാരും പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ 10 ശതമാനം ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ട് വീട്ടുപടിക്കലെത്തിക്കുന്ന സംവിധാനവുമായി സര്‍ക്കാര്‍ ആരംഭിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

എട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സ് പിന്നിട്ടവര്‍ക്കുമാണ്‌ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഫീസിളവ് നല്‍കുക. 10 ശതമാനം വരെ ഫീസിളവാണ് നല്‍കുക.

പാസ്‌പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടിക്രമം കൂടുതല്‍ ലളിതവും സുതാര്യവുമാക്കുമെന്നും സുഷമ സ്വാരാജ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായിട്ടാണ് പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം നല്‍കുന്ന രീതി എടുത്ത് കളയാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 19 ശതമാനം കൂടുതല്‍ അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.

Read more

പാസ്‌പോര്‍ട്ട് സംബന്ധിച്ച സേവനങ്ങള്‍ വിപുലമാക്കാനാണ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവന കേന്ദ്രം ആരംഭിച്ചത്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സര്‍വീസ് കേന്ദ്രം തുറക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ പൗരകേന്ദ്രീകൃതമായ സമീപനമാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്- മന്ത്രി പറഞ്ഞു.