പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബിജെപി സഖ്യകക്ഷിയാണ് നിതീഷ് കുമാർ.
“ആളുകളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പരസ്യമാക്കണം”.പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ഒപ്പം ചേർന്ന് ബിഹാർ മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷിയുമായ നിതീഷ് കുമാർ ഇന്ന് പറഞ്ഞു.
പെഗാസസ് വിഷയം അന്വേഷിക്കണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീർച്ചയായും അത് അന്വേഷിക്കണം എന്ന് നിതീഷ് കുമാർ പറഞ്ഞു. “ഇത്രയും ദിവസമായി ടെലിഫോൺ ടാപ്പിംഗിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട് … ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കപ്പെടുന്നു, മാധ്യമങ്ങളിൽ വാർത്താ റിപ്പോർട്ടുകൾ ഉണ്ട് … അതിനാൽ തീർച്ചയായും ഇത് ചർച്ച ചെയ്യുകയും പരിശോധിക്കുകയും വേണം … മുഴുവൻ കാര്യങ്ങളും പൊതുജനം അറിയണം, ” ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read more
ലോകമെമ്പാടുമുള്ള 17 മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ മാസമാണ് പെഗാസസ് ഫോൺ ചോർത്തൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയത്. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റ് തടസ്സപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ കൈകോർത്തതോടെ, പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ കാര്യമായ നടപടികൾ ഒന്നും നടന്നിട്ടില്ല. നിയമവിരുദ്ധമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്ന് സർക്കാർ പാർലമെന്റിൽ പ്രസ്താവന നൽകിയിട്ടുണ്ട്. എന്നാൽ പാർലമെന്റിന്റെ ഇരുസഭകളിലും ഈ വിഷയത്തിൽ ചർച്ച നടന്നിട്ടില്ല.