'ജനങ്ങൾക്ക് വിശ്വാസം നഷ്ട്ടപെട്ടു, നീറ്റ് പരീക്ഷ റദ്ദാക്കണം'; വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്ന് വിജയ്

നീറ്റ് പരീക്ഷയിൽ ആളുകൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള തമിഴ്നാട് സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ പിന്തുണക്കുന്നതായും വിജയ് അറിയിച്ചു. നീറ്റ് വിവാദങ്ങൾ അവസാനിക്കാനുള്ള ഒരേയൊരു വഴി പരീക്ഷ റദ്ദാക്കുന്നതാണെന്നും പാർട്ടി ചടങ്ങിനിടെ വിജയ് പറഞ്ഞു. കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം കൊണ്ടുവരണമെന്നും വിജയ് ആവശ്യപ്പെട്ടു.

ഈ രാജ്യത്തിന് നീറ്റ് ആവശ്യമില്ല. ഇതൊഴിവാക്കുകയെന്നാണ് ഈ പ്രശ്നത്തിലുള്ള ഒരേയൊരു പോംവഴി. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് ​നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം കേന്ദ്രസർക്കാർ ഉൾക്കൊള്ളണം. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും വിജയ് പറഞ്ഞു.

കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം കൊണ്ടുവരുന്നതിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടെങ്കിൽ ഒരു ഇടക്കാല പരിഹാരമെന്ന നിലയിൽ, ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്ത് ഒരു പ്രത്യേക കൺകറൻ്റ് ലിസ്റ്റ് സൃഷ്ടിക്കുകയും വിദ്യാഭ്യാസവും ആരോഗ്യവും അതിനടിയിൽ കൂട്ടിച്ചേർക്കുകയും വേണമെന്നും വിജയ് പറഞ്ഞു.

എംയിംസ് പോലുള്ളവയ്ക്ക് വേണമെങ്കിൽ നീറ്റ് പരീക്ഷ നടത്താം. ഇതൊക്കെ നടക്കുമോ എന്നറിയില്ല. ഉടനെ നടക്കില്ലെന്നും അറിയാം. നടക്കാൻ സമ്മതിക്കില്ലെന്നുമറിയാമെന്നും വിജയ് കൂട്ടിച്ചേർത്തു. നീറ്റിനെതിരെ തമിഴ്‌നാട്ടിൽ നടക്കുന്ന ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് താരത്തിന്റെ പരാമർശം. പരീക്ഷ സംസ്ഥാനത്തെ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് പലരും വാദിക്കുന്നത്.

Read more